
ധൈര്യത്തിന്റെയും കർമശേഷിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ചൊവ്വയുടെ രാശിമാറ്റം ജ്യോതിഷത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. നവംബർ 12ന് കർക്കടക രാശിയിൽനിന്ന് ചിങ്ങത്തിലേക്ക് പ്രവേശിച്ച ചൊവ്വ 2027 മാർച്ച് 9 വരെ ഈ രാശിയിൽ തുടരും. ചൊവ്വയുടെ ഈ ദീർഘകാല സഞ്ചാരം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽപരമായ മുന്നേറ്റത്തിനും വഴിയൊരുക്കുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം.
ജോലി, ബിസിനസ്, നിക്ഷേപം, സ്വത്ത് സമ്പാദനം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടാൻ ഈ ഗ്രഹമാറ്റം സഹായിക്കുമെന്നാണ് വിശ്വാസം. ചൊവ്വയും കേതുവും തമ്മിലുള്ള ബന്ധത്തിനൊപ്പം ശനിയുടെ ദൃഷ്ടിയും ഈ കാലയളവിൽ പ്രധാനമാണ്. ഗ്രഹങ്ങളുടെ ഈ സ്ഥാനമാറ്റം ജീവിതത്തിലെ പല മേഖലകളിലും മാറ്റങ്ങൾക്ക് കാരണമായേക്കാമെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. പ്രത്യേകിച്ച് മിഥുനം, തുലാം, വൃശ്ചികം, മീനം എന്നീ രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം.
മിഥുനം: മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകും
മിഥുനം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ആശ്വാസം ലഭിക്കുന്ന സമയമായിരിക്കുമിത്. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന പണം കൈയിലെത്താനും സാമ്പത്തിക തടസ്സങ്ങൾ നീങ്ങാനും സാധ്യതയുണ്ട്. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നഷ്ടം നേരിട്ടവർക്ക് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ടാകും.
തൊഴിൽ രംഗത്തും അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ജോലി ലഭിക്കുക, നിലവിലെ ജോലിയിൽ ഉയർച്ച നേടുക, കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചേക്കാം. സാമ്പത്തികമായി കൂടുതൽ സുരക്ഷിതമായ നിലയിലേക്ക് എത്താനും പുതിയ പദ്ധതികൾക്ക് തുടക്കമിടാനും സാധിക്കുമെന്നാണ് പ്രവചനം.
തുലാം: കരിയറിൽ പുതിയ വഴികൾ തുറക്കും
തുലാം രാശിക്കാർക്ക് തൊഴിൽപരമായ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. സർഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനും അവസരം ലഭിച്ചേക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളോ അവസരങ്ങളോ തേടിയെത്താം.
കുടുംബത്തിലും സൗഹൃദബന്ധങ്ങളിലും നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അടുപ്പമുള്ളവരുമായുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതും മനസ്സിന് ആശ്വാസം നൽകും. സാമ്പത്തിക പുരോഗതിക്കൊപ്പം വ്യക്തിജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം: ബിസിനസ് തുടങ്ങാൻ അനുകൂല സമയം
വൃശ്ചികം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും മുന്നേറ്റമുണ്ടാകുന്ന കാലയളവായിരിക്കും ഇത്. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾക്ക് വീണ്ടും ജീവൻ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനും അവസരങ്ങൾ വന്നുചേരാം.
ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടുമെന്നാണ് ജ്യോതിഷഫലം. ഭൂമി, വീട് തുടങ്ങിയ സ്വത്തുക്കളിൽ നിക്ഷേപം നടത്താനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ആത്മവിശ്വാസവും വർധിക്കും. ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടാൻ ഈ കാലയളവ് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
മീനം: വരുമാനം വർധിക്കും, സാമ്പത്തിക പ്രതിസന്ധികൾ കുറയും
മീനം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം തൊഴിൽ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ജോലിയിലും ബിസിനസിലും നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുകയും പൂർത്തിയാക്കാൻ കഴിയാതിരുന്ന പദ്ധതികൾ മുന്നോട്ടുപോകുകയും ചെയ്യും. ജോലിയിൽ അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സാധിച്ചേക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിലൂടെ സമ്പാദ്യം വർധിപ്പിക്കാനും കഴിയും. ലോട്ടറി പോലുള്ള അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ നിക്ഷേപങ്ങളിൽ അമിതമായ സാഹസത്തിന് മുതിരരുത്. സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ പരിശോധന നടത്തുകയും വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുകയും വേണം.










