
ജ്യോതിഷപ്രകാരം ധൈര്യം, ആത്മവിശ്വാസം, ശക്തി, ഊർജം എന്നിവയുടെ പ്രതീകമാണ് ചൊവ്വ. അറിവ്, സമ്പത്ത്, ഭാഗ്യം, ഐശ്വര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ സംഗമിക്കുന്നത് ജ്യോതിഷത്തിൽ പ്രാധാന്യമുള്ള ഗ്രഹസംയോഗമായാണ് കണക്കാക്കുന്നത്. 2026 നവംബർ 12ന് ചൊവ്വ കർക്കടകം രാശിയിൽനിന്ന് ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് ഈ ഗ്രഹസംയോഗം രൂപപ്പെടുന്നത്.
വ്യാഴം നേരത്തെ തന്നെ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ചൊവ്വയുടെ പ്രവേശനത്തോടെ ഇരുഗ്രഹങ്ങളും ഒരേ രാശിയിലെത്തും. ഈ മാറ്റം പന്ത്രണ്ട് രാശികളിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷപരമായ വിലയിരുത്തൽ. എന്നാൽ കർക്കടകം, തുലാം, വൃശ്ചികം എന്നീ മൂന്ന് രാശികളിൽ ജനിച്ചവർക്ക് ഈ ഗ്രഹസംയോഗം കൂടുതൽ അനുകൂലമായ ഫലങ്ങൾ നൽകുമെന്നാണ് പ്രവചനം. തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം തുടങ്ങിയ മേഖലകളിൽ ഇവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം.
കർക്കടകം
കർക്കടകം രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുള്ള സമയമാണിത്. നിങ്ങളുടെ രാശിയിൽനിന്ന് രണ്ടാം ഭാവത്തിലാണ് ചൊവ്വയും വ്യാഴവും ഒന്നിക്കുന്നത്. സമ്പത്ത്, കുടുംബം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവമായാണ് രണ്ടാം ഭാവത്തെ ജ്യോതിഷം വിലയിരുത്തുന്നത്.
ഈ ഗ്രഹസംയോഗത്തിന്റെ സ്വാധീനത്തിൽ ആത്മവിശ്വാസം വർധിക്കുകയും ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തേക്കാം. കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുന്നതിനൊപ്പം മേലധികാരികളുടെ പ്രശംസയും തേടിയെത്താം. ബിസിനസ് രംഗത്തുള്ളവർക്ക് സാമ്പത്തിക നേട്ടത്തിനും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽനിന്ന് ഭാവിയിൽ പ്രയോജനം ലഭിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുകയും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ അവസരം ലഭിക്കുകയും ചെയ്യും.
തുലാം
തുലാം രാശിക്കാർക്ക് വരുമാനത്തിലും സാമ്പത്തിക നേട്ടങ്ങളിലും പുരോഗതി പ്രതീക്ഷിക്കാവുന്ന ഗ്രഹമാറ്റമാണിത്. പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ-വ്യാഴം സംയോഗം സംഭവിക്കുന്നത്. ജ്യോതിഷത്തിൽ ലാഭം, വരുമാനം, ആഗ്രഹസാഫല്യം എന്നിവയുടെ ഭാവമായാണ് പതിനൊന്നാം ഭാവം അറിയപ്പെടുന്നത്.
നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽനിന്ന് മികച്ച വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുന്നതിനൊപ്പം ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പളവർധനവിനും അവസരമുണ്ടായേക്കാം. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് കരിയറിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം. കുടുംബപരമായി നടത്തുന്ന പരമ്പരാഗത ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സാമ്പത്തിക നേട്ടം ലഭിച്ചേക്കും. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനും ഈ കാലയളവ് സഹായകരമായേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് തൊഴിൽ, കരിയർ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ഗ്രഹസംയോഗമായിരിക്കും ഇത്. പത്താം ഭാവത്തിലാണ് ചൊവ്വയും വ്യാഴവും ഒന്നിക്കുന്നത്. കർമം, തൊഴിൽ, ഔദ്യോഗിക പദവി, സാമൂഹിക അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ടതാണ് പത്താം ഭാവം.
വൃശ്ചികം രാശിയുടെ അധിപഗ്രഹമായ ചൊവ്വയുടെ സാന്നിധ്യം ഈ സംയോഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ജോലിയിലുള്ളവർക്ക് കഴിവ് തെളിയിക്കാനും മേലധികാരികളുടെ അംഗീകാരം നേടാനും സാധിച്ചേക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങളും അവസരങ്ങളും ലഭിക്കാം. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്കും നേട്ടസാധ്യതയുണ്ടെന്നാണ് ജ്യോതിഷ പ്രവചനം.










