
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ പോലീസിൽ കീഴടങ്ങി. മലപ്പുറം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തന്നെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി ആവശ്യപ്പെട്ടതായും അതിന് വിഗീഷ് വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ധനലക്ഷ്മിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
സംഭവശേഷം ഹോട്ടൽ മുറി പൂട്ടി മലപ്പുറത്തേക്ക് മടങ്ങിയ വിഗീഷ് ആദ്യം സഹോദരിയോട് കൊലപാതക വിവരം വെളിപ്പെടുത്തി. പിന്നീട് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതേ തുടർന്ന് വിവരം ലഭിച്ച ചെറുതുരുത്തി പോലീസ് ഹോട്ടലിൽ പരിശോധന നടത്തി മുറിക്കുള്ളിൽ നിന്ന് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി.
വിവാഹിതയായ ധനലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.










