06:21pm 29 April 2026
NEWS
21 വയസ്സിനിടെ 12 പേരെ വിവാഹം കഴിച്ച യുവതി പിടിയിൽ
03/05/2025  03:49 PM IST
nila
21 വയസ്സിനിടെ 12 പേരെ വിവാഹം കഴിച്ച യുവതി പിടിയിൽ

വിവാഹതട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്. 21 വയസ്സിനിടെ വിവിധ സംസ്ഥാനങ്ങളിലെ 12 യുവാക്കളെയാണ് ​ഗുൽഷാന വിവാഹം കഴിച്ചത്. മാട്രിമോണിയൽ സൈറ്റുകളിലൂടെയായിരുന്നു തട്ടിപ്പ്. വിവാ​ഹം നടക്കാത്ത പുരുഷന്മാരെ തെരഞ്ഞുപിടിച്ച് വിവാ​ഹം കഴിക്കുകയും അവരുടെ പണം തട്ടിയെടുക്കുകയുമായിരുന്നു യുവതിയുടെ പരിപാടി. ഇവരുടെ സംഘത്തിലെ എട്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

‘ഡാകു ദുൽഹൻ’ അഥവാ തട്ടിപ്പ് വധു എന്നാണ് ​ഗുൽഷാനയെ പൊലീസ് വിശേഷിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. ​സ്വദേശമായ ഉത്തർപ്രദേശിന് പുറമേ ​ഗുജറാത്ത്, ഹരിയാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പുരുഷന്മാരെയും യുവതി തട്ടിപ്പിനിരയാക്കി. ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർ പ്രദേശിൽ സ്വീറ്റി തുടങ്ങിയ പേരുകളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ലക്നൗ അംബേദ്കർ നഗർ പൊലീസാണ് ​ഗുൽഷാനയേയും സംഘത്തേയും അറസ്റ്റ് ചെയ്തത്. 

 ഗുൽഷാനയുടെ വിവാഹത്തട്ടിപ്പ് ഇങ്ങനെ:

അഞ്ചു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്നതാണ് ഗുൽഷാനയുടെ തട്ടിപ്പുസംഘം. സംഘത്തിലെ മറ്റുള്ളവർ ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കും. വിവിധ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും കേന്ദ്രീകരിച്ച് വിവാഹ പരസ്യങ്ങൾ നൽകും. വിവിധ പേരുകളിൽ ഗുൽഷാനയുടെ ചിത്രമാണ് നൽകുക. താൽപര്യം അറിയിക്കുന്ന യുവാക്കളുടെ മാതാപിതാക്കളുമായി സംസാരിച്ച് നല്ല രീതിയിൽ തന്നെ വിവാഹം നടത്തും. 

വിവാഹം വൈകിയ യുവാക്കളെ കല്യാണം കഴിക്കുന്നതിന്റെ പേരിൽ അവരുടെ മാതാപിതാക്കളിൽനിന്ന് നല്ലൊരു തുകയും വിലപേശി വാങ്ങും. പിന്നീടാണ് ട്വിസ്റ്റ്. വിവാഹത്തിന്റെ അന്നോ കുറച്ചു ദിവസങ്ങൾക്കു ശേഷമോ ‘വധു’വിനെ മോട്ടർ സൈക്കിളിലെത്തുന്ന സംഘം തട്ടിക്കൊണ്ടു പോകും. തുടർന്ന് വരൻ ബഹളം വയ്ക്കുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിട്ടുണ്ടാകും. പിന്നീട് വധുവിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടാകില്ല.

യുപിയിലെ ജൗൻപുർ സ്വദേശിയായ റിയാസ് ഖാനാണ് ഗുൽഷാനയുടെ ‘യഥാർഥ ഭർത്താവ്’. തയ്യൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഗുൽഷാനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വിവാഹത്തട്ടിപ്പിലൂടെ ഇവർക്ക് കിട്ടുന്ന തുകയുടെ അഞ്ചു ശതമാനം ഇയാൾ കൈപ്പറ്റാറുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽനിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈൽ ഫോണും 3 വ്യാജ ആധാർ കാർഡും പിടിച്ചെടുത്തതായി അംബേദ്കർ നഗർ എസ്പി കേശവ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img