
ഭോപ്പാൽ: വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് മറ്റൊരാളുമായി വിവാഹം നടത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ അഥവാ ദിക്ഷ മുഡ്ഗലിനെയാണ് ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. സംഭവത്തിൽ യുവതിയുടെ യഥാർഥ ഭർത്താവ് സോനു എന്ന അജയ് ചൗഹാനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ജബൽപുരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ രത്തൻ ശർമയ്ക്കായി കുടുംബം വധുവിനെ അന്വേഷിക്കുന്നതിനിടെയാണ് അയൽവാസിയുടെ പരിചയത്തിലൂടെ അജയ് ചൗഹാൻ കുടുംബവുമായി ബന്ധപ്പെടുന്നത്. തന്റെ സഹോദരിയായ രാധയ്ക്ക് വിവാഹാലോചനയുണ്ടെന്നായിരുന്നു അജയുടെ അവകാശവാദം. എന്നാൽ രാധ യഥാർഥത്തിൽ അജയുടെ ഭാര്യയാണെന്ന കാര്യം കുടുംബത്തോട് മറച്ചുവെക്കുകയായിരുന്നു.
യുവതിയുടെ ചിത്രം കണ്ടും നേരിൽ സംസാരിച്ചും ഇഷ്ടപ്പെട്ടതിനെ തുടർന്ന് മേയ് 7-ന് വിവാഹം നടന്നു. വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും സഹോദരനെന്ന പേരിൽ എത്തിയ അജയ് ചൗഹാനായിരുന്നു. വധുവിന്റെ ബന്ധുക്കളെന്ന വ്യാജേന ചിലരെയും ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
വിവാഹത്തിനായി ഏകദേശം ഏഴ് ലക്ഷം രൂപ ചെലവഴിച്ചതായി രത്തൻ ശർമയുടെ കുടുംബം പറയുന്നു. എന്നാൽ വിവാഹശേഷം യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ വീട്ടുകാർക്ക് സംശയം ഉയർന്നു. നിരന്തരം വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് രത്തൻ ശർമ ഫോൺ പരിശോധിച്ചത്.
ഇതിനിടെ അജയ് ചൗഹാനുമായുള്ള സ്വകാര്യ ചാറ്റുകളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ സഹോദരനെന്ന് പരിചയപ്പെടുത്തിയ അജയ് ചൗഹാൻ യുവതിയുടെ ഭർത്താവാണെന്നും ഇരുവരും 2024-ൽ വിവാഹിതരായവരാണെന്നും വ്യക്തമായി.
വഞ്ചന മനസ്സിലായതോടെ രത്തൻ ശർമയും കുടുംബവും യുവതിയെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് മഹിളാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.










