
ദോഹ:ഖത്തറിന്റെ പരമ്പരാഗത ഫാൽക്കൺറി പൈതൃകത്തെ ആഘോഷിക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫാൽക്കൺറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ 'മർമ്മി -2026'ന്റെ 17-ാം പതിപ്പ് ജനുവരി 1 മുതൽ 24 വരെ സീലൈനിലെ മർമ്മി സബ്ഖയിൽ നടക്കുമെന്ന് ഖത്തർ ഫാൽക്കൺറി അസോസിയേഷൻ അറിയിച്ചു. ദാം (Daam) സോഷ്യൽ & സ്പോർട്സ് ആക്ടിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പ്രായം കുറഞ്ഞ ഫാൽക്കണുകൾക്കായുള്ള ഹദ്ദാദ് ചലഞ്ച് ചാമ്പ്യൻഷിപ്പോടെയാണ് ഉത്സവത്തിന് തുടക്കംകുറിക്കുക.
18 ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനവും ഫൈനൽ റൗണ്ടിൽ ലെക്സസ് കാറും നൽകും.
ഫെസ്റ്റിവലിന്റെ ഭാഗമായി അൽ-തലാ ചാമ്പ്യൻഷിപ്പ്, പ്രോമിസിംഗ് ഫാൽക്കണർ ചാമ്പ്യൻഷിപ്പ്, സലൂക്കി റേസ്, ലോക്കൽ ഫാൽക്കൺറി മത്സരങ്ങൾ, മസായൻ ചാമ്പ്യൻഷിപ്പ് എന്നിവയും സംഘടിപ്പിക്കും. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളുംഫെസ്റ്റിവലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിന്റെയും ഗൾഫ് രാജ്യങ്ങളുടെയും തലമുറകളായി കൈമാറിവരുന്ന ഫാൽക്കൺറി പൈതൃകം സംരക്ഷിക്കുകയും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് മർമ്മി ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.











