
ദോഹ:17-ാമത് ഖത്തർ ഇന്റർനാഷണൽ ഫാൽക്കണറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവലായ മാർമി 2026ന്റെ ഭാഗമായി നടന്ന ‘പ്രോമിസിംഗ് ഫാൽക്കണർ’ ചാമ്പ്യൻഷിപ്പിന്റെ വിജയികളെ സംഘാടക സമിതി പ്രഖ്യാപിച്ചു.
6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി സംഘടിപ്പിച്ച മത്സരത്തിൽ 200 മീറ്റർ ദൂരത്തിലാണ് ഫാൽക്കണറി നടത്തിയത്. കോബാജ്, ഖർമൂഷ, വക്രീ വിഭാഗത്തിൽ ഇമ്രാൻ നാസർ അൽ ഖുബൈസി ഒന്നാം സ്ഥാനവും അബ്ദുള്ള ഉമൈർ അൽ നുഐമി രണ്ടാം സ്ഥാനവും മാജിദ് മുഹമ്മദ് അൽ ഖത്താനി മൂന്നാം സ്ഥാനവും നേടി.
അൽ-ശുവൈഹ്ന (ഫാൽക്കണറി) വിഭാഗത്തിൽ അലി മുഹമ്മദ് അൽ മർറി ഒന്നാം സ്ഥാനവും അലി മുഹമ്മദ് അൽ അസീരി രണ്ടാം സ്ഥാനവും ആമിർ അബ്ദുള്ള അൽ കഅബി മൂന്നാം സ്ഥാനവും നേടി.
മാർമി ഫെസ്റ്റിവലിന്റെ ഔദ്യോഗിക വക്താവും കമ്മിറ്റി തലവനുമായ മുഹമ്മദ് ബിൻ മുബാറക് അൽ അലി, യുവതലമുറയിൽ ഫാൽക്കണറിയോടുള്ള താൽപ്പര്യം വളർത്തുകയും ഈ പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രോമിസിംഗ് ഫാൽക്കണർ വിഭാഗത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ജൂനിയർ വിഭാഗത്തിൽ നിന്ന് ഈ വിഭാഗത്തിലേക്ക് കുട്ടികൾ മുന്നേറുന്നത് ഫെസ്റ്റിവൽ വർഷങ്ങളായി പിന്തുടരുന്ന വ്യക്തമായ ദർശനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം, അൽ-തലാ ചാമ്പ്യൻഷിപ്പിന്റെ അഞ്ചു മുതൽ പത്ത് വരെ ഗ്രൂപ്പുകളുടെ യോഗ്യതാ മത്സരങ്ങളും നടന്നതായി അധികൃതർ അറിയിച്ചു. മത്സരങ്ങൾക്ക് അനുകൂലമായ കാലാവസ്ഥ വലിയ സഹായമായെന്നും ശക്തമായ മത്സരമാണ് നടന്നതെന്നും സംഘാടകർ പറഞ്ഞു.











