10:47am 14 November 2026
NEWS
ഖത്തറിൽ വിപണികൾ സുരക്ഷിതം; ഭക്ഷ്യശേഖരം സുശക്തമെന്ന് ഖത്തർ ചേംബർ
13/03/2026  05:22 PM IST
NILA
ഖത്തറിൽ വിപണികൾ സുരക്ഷിതം; ഭക്ഷ്യശേഖരം സുശക്തമെന്ന് ഖത്തർ ചേംബർ


​ദോഹ: നിലവിലെ സാഹചര്യങ്ങളിൽ രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും ഖത്തർ ചേംബർ ട്രേഡ് ആൻഡ് റിസർച്ച് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ അവലോകനം ചെയ്യാൻ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ പ്രധാന ഹൈപ്പർമാർക്കറ്റുകളിലെല്ലാം ചരക്ക് ശേഖരം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. വിപണിയിൽ ഉൽപ്പന്നങ്ങളുടെ കുറവ് അനുഭവപ്പെടാതിരിക്കാൻ ബദൽ ലോജിസ്റ്റിക്സ് പാതകളും സ്റ്റോറേജ് സൗകര്യങ്ങളും യോഗത്തിൽ ചർച്ചയായി.ഖത്തർ ചേംബർ ബോർഡ് അംഗവും കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിപണിയിലെ വിലക്കയറ്റം തടയാനും സാധനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ സ്ഥാപനങ്ങളുമായും ചേംബർ ശക്തമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന ഖത്തർ സായുധ സേനയുടെ സേവനങ്ങളെയും യോഗം പ്രശംസിച്ചു.സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സംയുക്ത പരിശ്രമങ്ങൾ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിൽ നിർണ്ണായകമാണെന്ന് ഡോ. മുഹമ്മദ് ബിൻ ജൗഹർ അൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റാൻ വിതരണ ശൃംഖലയിലെ എല്ലാ കക്ഷികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img