09:24am 13 November 2026
NEWS
പുരാതന ഖത്തറിലെ വിപണനതന്ത്രം; വിളംബരക്കാരൻ എന്ന ശബ്ദവിപ്ലവം
15/03/2026  12:56 PM IST
nila
പുരാതന ഖത്തറിലെ വിപണനതന്ത്രം; വിളംബരക്കാരൻ എന്ന ശബ്ദവിപ്ലവം

 


ദോഹ:പനയോല മെടഞ്ഞ പായയിലിരുന്ന്, കസ്തൂരിഗന്ധമുള്ള താടി തടവി, തൊണ്ടയൊന്ന് നന്നാക്കി ആ 'ഹകാവതി' (കഥാകാരൻ) പറഞ്ഞുതുടങ്ങി: "ബിസ്മില്ലാഹി റഹ്മാനി റഹീം..." മജ്‌ലിസിലിരുന്ന യുവാക്കൾ ആകാംക്ഷയോടെ ആ പഴയകാല കഥകളിലേക്ക് ചെവിചേർത്തു.
​"പണ്ട്, ഖത്തറിലെ പഴയങ്ങാടികളിൽ റമദാൻ കാലമെത്തിയാൽ ഇന്നത്തെപ്പോലെ നിശ്ശബ്ദമായ കച്ചവടമായിരുന്നില്ല. ആധുനിക ഷോപ്പുകളിലെ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി, ശബ്ദവും ചടുലതയും നിറഞ്ഞ ഒരു ലോകമായിരുന്നു അത്. ആ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദം 'മാർക്കറ്റ് കോളർ' അഥവാ വിളിച്ചുപറയുന്നവന്റേതായിരുന്നു."
​ചന്തയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഈ 'വിളംബരക്കാരൻ'. പുതിയ ചരക്കുകൾ എത്തിയെന്നോ ലേലം തുടങ്ങിയെന്നോ ഉള്ളതിന്റെ വിളംബരമായിരുന്നു ആ ശബ്ദം. ചന്തയിലെ ഇടനാഴികളിലോ കടകൾക്ക് മുന്നിലോ നിന്ന് അയാൾ ഉച്ചത്തിൽ സാധനങ്ങളുടെ പേര് വിളിച്ചുപറയും. ആ വിളി കേട്ടാണ് ആളുകൾ കച്ചവടം കാണാനും സാധനങ്ങൾ വാങ്ങാനും ഒത്തുകൂടിയിരുന്നത്.
​റമദാൻ മാസമാകുന്നതോടെ ഈ ശബ്ദങ്ങൾക്ക് മാറ്റുകൂടും. ഇഫ്താറിനും അത്താഴത്തിനുമുള്ള വിഭവങ്ങൾക്കായി ജനങ്ങൾ ചന്തയിലേക്ക് ഒഴുകും. ഈ സമയത്ത് വിളംബരക്കാരുടെ ശബ്ദം ആകാശത്തോളമുയരും. ഈത്തപ്പഴങ്ങൾ, നെയ്യ്, അരി, മാവ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വരവ് അവർ ലോകത്തെ വിളിച്ചറിയിക്കും. സന്ധ്യാസമയത്തെ കൂട്ടായ്മകളിൽ ഒഴിച്ചുകൂടാനാവാത്ത കാപ്പി, ഏലക്ക, പഞ്ചസാര, ചായപ്പൊടി എന്നിവയുടെ പരസ്യങ്ങളും ഇവരുടെ നാവിലൂടെ ജനങ്ങളിലെത്തും.
​ഇന്നത്തെ ആധുനിക പരസ്യ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ഏറ്റവും ഫലപ്രദമായ വിപണന രീതിയായിരുന്നു ഇത്. ലേലച്ചന്തകളിലാകട്ടെ, ഇവരുടെ പങ്ക് അതിപ്രധാനമായിരുന്നു. ഒരു സാധനത്തിന് ചുറ്റും ആളുകളെ കൂട്ടി, വില വിളിച്ച് പറഞ്ഞ്, ഏറ്റവും ഉയർന്ന വില കിട്ടുന്നത് വരെ ആ ശബ്ദം അങ്ങാടിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.
​ഇന്ന് ചന്തകൾ മാറി, രീതികൾ മാറി. കച്ചവടം വെറും സ്ക്രീനുകളിലെ അക്കങ്ങളിലേക്കും നിശ്ശബ്ദമായ ഷെൽഫുകളിലേക്കും ഒതുങ്ങി. എങ്കിലും, ശബ്ദവും വിളികളും കൊണ്ട് സജീവമായിരുന്ന ആ പഴയകാലത്തിന്റെ ഓർമ്മച്ചിത്രമായി 'വിളംബരക്കാരൻ' ഇന്നും ജനമനസ്സുകളിൽ ഒരിടം ബാക്കിവെക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img