06:11pm 30 October 2026
NEWS
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് ലഷ്കറെ തയിബയും
19/09/2025  07:40 PM IST
nila
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് ലഷ്കറെ തയിബയും

ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തയിബയും. ലഷ്കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം തുറന്നു പറഞ്ഞു. മുദ്രികയിലെ തകർന്ന ഭീകരകേന്ദ്രത്തിനു മുന്നിൽനിന്ന് ഖാസിം സംസാരിക്കുന്ന വി‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് ജയ്‍ഷെ മുഹമ്മദും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്  ലഷ്കറെ തയിബയും തങ്ങളുടെ ആസ്ഥാനം ഉൾപ്പെടെ തകർക്കപ്പെട്ടു എന്ന് തുറന്നു പറയുന്നത്.

‘ആക്രമണത്തിൽ തകർന്ന, മുദ്രികയിലെ മർകസ് തയിബയുടെ അവശിഷ്ടങ്ങൾക്കു മുന്നിലാണ് ഞാൻ നിൽക്കുന്നത്. പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ദൈവാനുഗ്രഹത്താൽ കെട്ടിടം നേരത്തെയുണ്ടായിരുന്നതിലും വലുതായി പണിയും’–ഖാസിം വിഡിയോയിൽ പറയുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലാണ് മുദ്രിക. ഒട്ടേറെ ഭീകരർക്ക് മർകസ് തയിബയിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വിഡിയോയിൽ സമ്മതിക്കുന്നുണ്ട്.

തകർക്കപ്പെട്ട കെട്ടിടങ്ങൾ ഭീകരസംഘടനകൾ ഉപയോഗിക്കുന്നില്ലെന്നു പാകിസ്ഥാൻ അവകാശപ്പെടുന്നതിനിടെയാണ് വിഡിയോ പുറത്തുവന്നത്. അതേസമയം, മുദ്രികയിലെ ലഷ്കറെ ആസ്ഥാനം പുനർനിർമിക്കാൻ പാക് സർക്കാരും സൈന്യവും സഹായം നൽകുന്നുണ്ടെന്നു വ്യക്തമാക്കുന്ന ലഷ്കറെ തയ്ബ ഡപ്യൂട്ടി ചീഫ് സെയ്ഫുല്ല കസൂരിയുടെ പ്രസംഗവും പുറത്തുവന്നിട്ടുണ്ട്. നേരത്തേ, ഭീകരസംഘടനയായ  ജയ്‍ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസ്ഹർ പാക് അധീന കശ്മീരിലുണ്ടെന്ന വിവരം പുറത്തായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img