
ദോഹ: ഖത്തറിലെ തീരക്കടലിൽ എല്ലാത്തരം കപ്പലുകൾക്കും മറ്റ് സമുദ്രയാനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി സമുദ്ര ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏപ്രിൽ 12 ഞായറാഴ്ച മുതൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ എല്ലാത്തരം യാനങ്ങൾക്കും സർവീസ് നടത്താൻ അനുമതിയുണ്ട്.
അതേസമയം, മത്സ്യബന്ധനത്തിന് ലൈസൻസുള്ള യാനങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നത് പോലെ തന്നെ ദിവസത്തിൽ ഏത് സമയത്തും കടലിൽ പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് സേവനങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുതെന്ന് സമുദ്ര പ്രവർത്തനങ്ങൾക്ക് ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 1980-ലെ മാരിടൈം നിയമം, 2004-ലെ നാവിഗേഷൻ ഏജൻസി ബിസിനസ് റഗുലേഷൻ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ സുതാര്യതയും നീതിയും ഉറപ്പാക്കണം. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും സമുദ്ര ഗതാഗത കാര്യ മന്ത്രാലയം വ്യക്തമാക്കി.











