
കൊച്ചി: സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെര്‍ഫോര്‍മിംഗ് ആര്‍ട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാപ്രതിഷ്ഠകളെക്കുറിച്ച് പ്രഭാഷണം നടത്താനായി കൊച്ചിയിലെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകായിയിരുന്നു.
1979 ലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ബോധഗയ സന്ദര്‍ശിച്ചതിലൂടെയാണ് ജീവിതത്തില്‍ എന്തു ചെയ്യണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് അവര്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യ എങ്ങിനെയാണ് പ്രചോദിപ്പിക്കുന്നതെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ബിഗ് നോ എന്നായിരുന്നു. അന്ധമായി പാശ്ചാത്യസംസ്ക്കാരത്തിലേക്ക് പോകാനാണ് ഇന്നത്തെ ഇന്ത്യ ശ്രമിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിനിമ, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം സ്വന്തം രാജ്യത്തുള്ള നിധി കാണാതെ വിദേശത്തേക്ക് കാഴ്ചപായിക്കുകയാണെന്ന് അവര്‍ പറഞ്ഞു.സംസ്കൃതമെന്ന ഭാഷയും അതിലെ അമൂല്യമായ അറിവുകളും ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ തലമുറ ശ്രമിക്കണം. ഭൂലോകത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് അവര്‍ പറഞ്ഞു.പ്രകടനകലയെന്നത് വര്‍ത്തമാനകാലത്തിന്റെ അവതരണമാണ്. പൊതുജനസമക്ഷത്തില്‍ പ്രകടനകല നടത്തുമ്പോള്‍ നൂറ് ശതമാനവും അതിന് നല്‍കാന്‍ ശ്രമിക്കണം. ബിനാലെ വേദിയായ ഐലന്‍ഡ് വെയര്‍ഹൗസിലെ വാട്ടര്‍ഫാള്‍ എന്ന കലാപ്രതിഷ്ഠ അഞ്ച് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് അവര്‍ പറഞ്ഞു. ബുദ്ധമതത്തിന്റെ തത്വങ്ങള്‍ അന്വേഷിച്ച് തിബറ്റിലെത്തിയപ്പോളാണ് തനിക്ക് ഈ കലാസൃഷ്ടിയുടെ പ്രചോദനം ഉണ്ടായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബുദ്ധ സൂക്തങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് തനിക്ക് തോന്നിയത്. അതില്‍ നിന്നാണ് വാട്ടര്‍ഫാള്‍ എന്ന കലാസൃഷ്ടി രൂപപ്പെട്ടത്. കൂറ്റന്‍ സ്ക്രീനിമുന്നിലിരുന്നാല്‍ കേള്‍ക്കുന്ന സൂക്തങ്ങള്‍ വെള്ളച്ചാട്ടത്തിലെത്തിയതു പോലെ തോന്നും. അത് ദിവ്യമായ അനുഭൂതിയാണെന്നും മറീന ചൂണ്ടിക്കാട്ടി. പ്രകടനകലാകാരന്‍ പരിചിതമല്ലാത്ത പ്രതലത്തില്‍ നടക്കുന്ന കുട്ടിയെപ്പോലെയാണ്. മനസ്സുും ആത്മാവും എവിടെയാണെന്ന് അറിയുന്നതിനു വേണ്ടിയുള്ള യാത്രയാണ് കലയെന്നും അവര്‍ പറഞ്ഞു.ജവഹര്‍ലാല്‍ നെഹൃവും യൂഗോസ്ലാവിയന്‍ പ്രസിഡന്റ് ജോസഫ് ബ്രൂസ് ടിറ്റോയും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് കുട്ടിക്കാലത്ത് തന്നെ ഇന്ത്യയെക്കുറിച്ച് മനസിലാക്കിത്തുടങ്ങിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പെയിന്റിംഗിലാണ് ആദ്യം സൃഷ്ടികള്‍ ആവിഷ്കരിച്ച് തുടങ്ങിയത്. സ്വപ്നത്തില്‍ കണ്ട ദൃശ്യങ്ങളാണ് പകര്‍ത്തിയിരുന്നത്. പിന്നീട് മേഘങ്ങളില്ലാത്ത ആകാശത്ത് കൂടി തലങ്ങും വിലങ്ങും പറന്ന പോര്‍വിമാനങ്ങളുടെ കാഴ്ചയാണ് തന്നെ വേറിട്ട് ചിന്തിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നശ്വരതയില്‍ നിന്നാണ് പ്രകടനകലയിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു.തന്റെ പ്രകടനകലയിലെ നഗ്നത ഒരിക്കലും അശ്ലീലമല്ലെന്ന് അവര്‍ പറഞ്ഞു. പ്ലാനറ്റിലെ അമ്മയാണ് ഇന്ത്യ. അഞ്ച് വര്‍ഷം കൊണ്ടാണ് വാട്ടര്‍ഫാള്‍ നിര്‍മ്മിച്ചത്. കല, സാഹിത്യം, അശ്ലീലം എന്നിവയ്ക്കിടയില്‍ നേര്‍ത്ത രേഖ മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര മറീനയെ സദസ്സിന് പരിചയപ്പെടുത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഗോള്‍ ആര്‍ട്ടിസ്റ്റ് പേട്രണ്‍ മേഹ പട്ടേലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Photo Courtesy - Google







