
‘മാർക്കോ’ സിനിമ ടെലിവിഷനുകളിൽ പ്രദർശിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നിഷേധിച്ചതോടെ ചിത്രം എങ്ങനെ തീയറ്ററുകളിലെത്തി എന്ന ചോദ്യം എങ്ങും ഉയരുകയാണ്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്ന റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് സിബിഎഫ്സി ചിത്രത്തിന്റെ ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചത്. അതേസമയം ചിത്രത്തിന് എങ്ങനെ തീയറ്റർ പ്രദർശനത്തിന് അനുമതി ലഭിച്ചു എന്നത് ഇന്നും നിഗൂഢമാണ്.
‘മാർക്കോ’യ്ക്ക് തിയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, കേരള കമ്മിറ്റിയുടെ ശുപാർശയെ മറികടക്കാനുള്ള സ്വാധീനം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കേന്ദ്രത്തിലുണ്ട് എന്നതാണ് ഇതിന്റെ കാരണമെന്ന് വിശ്വസിക്കേണ്ട സാഹചര്യമാണുള്ളത്.
മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നാണ് നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ പ്രതികരണം. വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സിനിമ എന്തിന് വേണ്ടിയായിരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ലാത്ത അണിയറ പ്രവർത്തകരും എത്ര കൊടും ക്രൂരതകൾ ചിത്രീകരിച്ചാലും പ്രദർശനാനുമതി നൽകുന്ന അധികൃതരും ഉള്ളിടത്തോളം കാലം ‘മാർക്കോ’ പോലുള്ള സിനിമകൾ ഇനിയും ഉണ്ടാകുമെന്നാണ് സമൂഹ മാധ്യമ ചർച്ചകളിൽ ഉയരുന്ന അഭിപ്രായം.











