
കൊച്ചി: നിലവിലെ സാഹചര്യത്തിൽ കുർബാന ഒഴികെയുള്ള കർമ്മങ്ങൾ മാത്രം നടത്താൻ അനുമതിയുള്ള ബസിലിക്ക ദേവാലയത്തിൽ പേരിനുമാത്രം ചില കർമ്മങ്ങൾ നടത്തിക്കൊണ്ട് വത്തിക്കാനേയും വിശ്വാസികളെയും വിശുദ്ധവാരത്തിൽ മാർ റാഫേൽതട്ടിലും അദ്ദേഹത്തിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിയും കബളിപ്പിക്കുകയാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ കുറ്റപ്പെടുത്തി.താൻ അർപ്പിക്കുന്ന ഏകീകൃത കുർബാന നടത്താൻ കഴിയാത്ത ദേവാലയത്തിൽ ഓശാന ദിനമായ ഇന്നലെ ഏതാനും ചില ചടങ്ങുകൾ മാത്രം നടത്തി ബാക്കി ഭാഗങ്ങൾ സമീപത്തെ കോൺവെന്റിൽ പൂർത്തിയാക്കിയ മാർ തട്ടിൽ സീറോ മലബാർ സഭയ്ക്ക് തന്നെ അപമാനമാണ്. ഇത്തരത്തിൽ എന്തൊക്കെയോ ചടങ്ങുകൾ നടത്തിയ ശേഷം വിശുദ്ധവാരത്തിൽ കുർബാന അടക്കമുള്ള കർമ്മങ്ങൾ നടത്തിയെന്ന് വത്തിക്കാന്റെ മുമ്പിലും ജനങ്ങൾക്കിടയിലും പ്രചരിപ്പിക്കുകയാണ് ഈ കപട നാടകത്തിന്റെ ലക്ഷ്യം. കുർബാന വിലക്കുള്ളിടത്ത് കുർബാന നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് കോടതിയലക്ഷ്യവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ കുറ്റമാണെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തിയും ജോസഫ് പി. എബ്രഹാമും പറഞ്ഞു.
Photo Courtesy - Google








