11:53pm 03 September 2026
NEWS
ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരം, മാപ്പിളത്തെയ്യം ഡോക്യുമെന്ററി ശ്രദ്ധേയമായി

25/01/2025  11:16 PM IST
ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരം,  മാപ്പിളത്തെയ്യം ഡോക്യുമെന്ററി ശ്രദ്ധേയമായി

അബുദാബി: ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവ്വഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. മനോഹര ചീനി വാദ്യം അകമ്പടി സേവിക്കുന്നു...ക്ഷേത്ര കലയിലെ വ്യത്യസ്തമായ അനുഭവം പറയുന്ന ഈ ഡോക്യൂമെന്ററി അവസാനിച്ചപ്പോൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നിറഞ്ഞ കയ്യടി. രണ്ടാമത് ഐ.ഐ.സി സാഹിത്യ മേളയോടനുബന്ധിച്ച ഷോർട് ഫെസ്റ്റിൽ ആയിരുന്നു മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി മാധ്യമപ്രവർത്തകൻ അശ്‌റഫ് തൂണേരി സംവിധാനം ചെയ്ത 'മുക്രി വിത്ത്‌ ചാമുണ്ഡി' എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. 17.25 മിനുട്ട് ദൈർഘ്യത്തിൽ വർണ്ണാഭമായ നാടോടി കലാപ്രകടനത്തിൽ ഉൾചേരുന്ന മതസൗഹാർദ്ധത്തെ ശക്തമായാണ് ഡോക്യുമെന്ററി ആവിഷ്കരിച്ചത്. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും ചലച്ചിത്ര മേളകളിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി കൂടിയാണ് 'മുക്രി വിത്ത്‌ ചാമുണ്ഡി'. അൽഷിമേഴ്‌സ് ബോധവത്കരണം പ്രമേയമാക്കി ഷാലി ബിജു സംവിധാനം ചെയ്ത 'റെയിസ്', എം. കെ ഫിറോസിന്റെ 'പിങ്ക്', ഷംനാസ്.പി ഒരുക്കിയ 'ഫ്ലഷ് ഔട്ട്‌' എന്നീ ഹൃസ്വചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, ഐ.ഐ.സി ജനറൽസെക്രട്ടറി ഹിദായത്തുള്ള അതിഥികൾക്ക് ഉപഹാരം കൈമാറി. ജുബൈർ വെള്ളാടത്ത് അവതാരകനായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img