
മാവോയിസ്റ്റുകളെ തുടച്ചുമാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നയവും നിർദേശങ്ങളും കർശനമായി പാലിച്ചുപോരുന്ന സംസ്ഥാനമാണ് കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഭരിക്കുന്ന തെലങ്കാന. കമ്മ്യുണിസ്റ്റ് സായുധവിപ്ലവം ഇന്ത്യയിൽ ആദ്യം നടക്കുക ആന്ധ്രാപ്രദേശിലാണെന്ന് അറുപതുകളിൽ സംശയിക്കപ്പെട്ടിരുന്നല്ലോ. ആന്ധ്ര വിഭജിച്ച് നിലവിൽ വന്ന സംസ്ഥാനമാണ് തെലങ്കാന. ഈ സംസ്ഥാനത്തിന്റെ ഭാഗമായ മലയോരപ്രദേശങ്ങളിലാണ് പിന്നീട് മാവോയിസ്റ്റുകൾ എന്നറിയപ്പെട്ട നക്സലൈറ്റുകൾക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നത്. ചില മലയോര ഗ്രാമങ്ങൾ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലായിരുന്നു.പല പ്രമുഖ മാവോയിസ്റ്റ് നേതാക്കൾക്കും ജന്മം നൽകിയ നാടാണ് തെലങ്കാന. സായുധ വിപ്ലവം സാധ്യമായില്ലെന്ന് മാത്രമല്ല, ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മാവോയിസ്റ്റുകളുടെ സ്വാധീനം കുറഞ്ഞുവരികയും ചെയ്തു. കേന്ദ്രത്തിൽ മോദി ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെയാണ് കർശന നിയമങ്ങളും നടപടികളും മൂലം മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാനാവാത്ത അവസ്ഥ വന്നുചേർന്നത്. ലോക രാഷ്ട്രീയ സാഹചര്യവും മാവോയിസ്റ്റുകൾക്ക് അനുകൂലമായിരുന്നില്ല. കീഴടങ്ങുകയല്ലാതെ അവർക്ക് മറ്റു പോംവഴികൾ ഇല്ലാതായി. അടിച്ചമർത്തൽ കർശനമായിരുന്നു. നേതൃത്വത്തിനും ദിശാബോധമില്ലാതായി. ഗത്യന്തരമില്ലാതെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകൾ കീഴടങ്ങി മുഖ്യധാരയുടെ ഭാഗമായിക്കഴിഞ്ഞു. കർണാടകത്തിൽ മാവോയിസ്റ്റുകൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്. മിക്ക നേതാക്കളും പ്രവർത്തകരും കീഴടങ്ങി. തെലങ്കാനയിലും കീഴടങ്ങൽ തകൃതിയായി നടക്കുന്നു. ഇക്കഴിഞ്ഞ ദിവസം 130 മാവോയിസ്റ്റുകൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ മുമ്പിൽ ആയുധം വെച്ച് കീഴടങ്ങി. ഒരു ലൈറ്റ് മെഷിൻ ഗൺ, 30 എ കെ 47 റൈഫിളുകൾ, 21 ഇൻസാക്ക് റൈഫിളുകൾ, 20 എസ് എൽ ആർ റൈഫിളുകൾ, ഒട്ടേറെ വെടിക്കോപ്പുകൾ എന്നിവയാണ് മാവോയിസ്റ്റുകൾ സറണ്ടർ ചെയ്തത്. മൂന്നു സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ, 10 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, 40 ഏരിയ കമ്മിറ്റി അംഗങ്ങൾ, 76 അംഗങ്ങൾ എന്നിവരാണ് കീഴടങ്ങിയത്. പീപ്പിൽ ലിബറേഷൻ ഗോറില്ല ആർമിയുടെ ഭാഗമായവരാണ് കീഴടങ്ങിയവരൊക്കെ. മുപ്പല ലക്ഷ്മണൻ റാവു എന്ന ഗണപതി ഇതുവരെ കീഴടങ്ങിയിട്ടില്ല. അദ്ദേഹമാണ് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി. ആറുമാസത്തിനിടയിൽ 250 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 2024 മുതൽ തെലങ്കാനയിൽ കീഴടക്കിയത് 721 മാവോയിസ്റ്റുകളാണ്. മാർച്ച് 31 നകം അവശേഷിക്കുന്ന മാവോയിസ്റ്റുകൾക്കും കീഴടങ്ങാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. തെലങ്കാനയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളോടെ കീഴടങ്ങാൻ രേവന്ത് റെഡ്‌ഡി ആവശ്യപ്പെട്ടു.
Photo Courtesy - Google











