12:49pm 24 October 2026
NEWS
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
18/11/2025  12:32 PM IST
nila
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.  മദ്വി ഹിദ്മയും ഭാര്യ രാജെ എന്ന രാജാക്കയും ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്. പ്രദേശത്ത് നിന്നും ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. 

1981-ൽ മധ്യപ്രദേശിലെ സുക്മയിൽ ജനിച്ച ഹിദ്മ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ബറ്റാലിയനെ നയിച്ചയാളായിരുന്നു. സിപിഐ മാവോയിസ്റ്റ് വിഭാഗത്തിന്റെ സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായി. ബസ്താർ മേഖലയിൽനിന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവിഭാഗക്കാരനുമായിരുന്നു. സാധാരണക്കാർക്കും സുരക്ഷാസേനകൾക്കും നേരേ രാജ്യത്ത് 26-ഓളം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാവോവാദി നേതാവാണ് ഹിദ്മയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

രാജ്യത്തെ നടുക്കിയ, നിരവധിപേരുടെ ജീവനെടുത്ത വിവിധ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ ഹിദ്മയായിരുന്നു. 2010-ൽ ദന്തേവാഡയിൽ 76 സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ച മാവോയിസ്റ്റ് ആക്രമണം, 2013-ൽ ഝിറാം ഖാട്ടിയിൽ കോൺഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവൻ നഷ്ടമായ ആക്രമണം, 2021-ൽ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം എന്നിവയടക്കം വിവിധ ആക്രമണങ്ങൾക്ക് പിന്നിൽ ഹിദ്മയായിരുന്നു. ഏറെക്കാലമായി ഒളിവിൽകഴിഞ്ഞ് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയിരുന്ന ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img