
ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണു. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയിൽ കുടുങ്ങിപ്പോയ 57 തൊഴിലാളികളിൽ 16 പേരെ രക്ഷപെടുത്തിയെന്നാണ് പ്രാഥമിക വിവരം. ബാക്കിയുള്ള 41 പേരെ പുറത്തെടുത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബദ്രിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ബിആർഒ എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ആർ. മീണയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ഭരണകൂടം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബിആർഒ ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.











