
തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിയിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. 107 പേർ ചികിത്സയിലാണ് ഇവരിൽ 17 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒമ്പതുപേർ പൊലീസുകാരാണ്.
മരിച്ചവരിൽ എട്ടു കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു പുലർച്ചെ കരൂരിലെത്തി ദുരന്തബാധിതരുടെ ബന്ധുക്കളുമായി സംസാരിച്ചു. കരൂർ മെഡിക്കൽ കോളജിൽ നടന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.
മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കലക്ടർമാർ തുടങ്ങിയവർ കരൂരിലെത്തി. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെതിരെ പൊലീസ് കേസെടുത്തു. അതിനിടെ, റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും തമിഴ്നാട് ഡിജിപി പറഞ്ഞു.











