
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മനോജ് അഗർവാളിനെ നിയമിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് അഗർവാൾ. നിലവിൽ ഹോം ആൻഡ് ഹിൽ അഫയേഴ്സ് (ഇലക്ഷൻ) വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി പോസ്റ്റ് ചെയ്തുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് പുറത്തിറങ്ങി.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയ നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.
സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയത് ഭരണപരമായ ശരിയായ നടപടിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി മമത ബാനർജി കാലത്ത് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് നിയമനങ്ങൾ നടന്നിരുന്നുവെന്നും, പുതിയ സർക്കാർ ചട്ടങ്ങളും സർവീസ് മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനമെടുത്തതെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിനിടെ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ മന്ത്രിമാരുടെ വകുപ്പ് വിഭജനവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ദിലീപ് ഘോഷ്, അശോക് കിർത്താനിയ, ഖുദിറാം ടുഡു, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക് എന്നിവർക്കാണ് വിവിധ വകുപ്പുകളുടെ ചുമതല നൽകിയത്.
15 വർഷം നീണ്ട മമത ബാനർജി ഭരണത്തിന് വിരാമമിട്ട് ചരിത്രവിജയം സ്വന്തമാക്കിയ ബി.ജെ.പി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണസംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.










