05:31am 12 November 2026
NEWS
പാർട്ടി അം​ഗങ്ങൾ പോലും വെൽഫെയർ പാർട്ടിക്ക് വോട്ട് ചെയ്തു; ഒരു വോട്ട് മാത്രം ലഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് താനാണെന്ന് ഹനീഫ
15/12/2025  02:13 PM IST
nila
പാർട്ടി അം​ഗങ്ങൾ പോലും വെൽഫെയർ പാർട്ടിക്ക് വോട്ട് ചെയ്തു; ഒരു വോട്ട് മാത്രം ലഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് താനാണെന്ന് ഹനീഫ

മണ്ണാർക്കാട് നഗരസഭാ തിരഞ്ഞെടുപ്പിൽ കുന്തിപ്പുഴ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ച സംഭവത്തിൽ വിവാദം കനക്കുന്നു.  നഗരസഭയിലെ ചില വാർഡുകളിൽ ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സിപിഎം സഹകരിച്ചെന്ന ജനകീയ മതേതരമുന്നണിയുടെ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വാർഡിലെ സിപിഎമ്മിന്റെ ദയനീയ പരാജയം കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ഫിറോസ് ഖാന് ലഭിച്ച ഏക വോട്ട് താനാണ് രേഖപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി സിപിഎം കുളർമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗമായ ഹനീഫ രംഗത്തെത്തിയതോടെ വിവാദം കൂടുതൽ ശക്തമാകുകയാണ്.

 ബ്രാഞ്ചിലെ പാർട്ടി അംഗങ്ങൾ പോലും എൽഡിഎഫിന് വോട്ട് ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണയായി വാർഡിൽ എൽഡിഎഫിന് 120ഓളം വോട്ടുകൾ ലഭിക്കാറുണ്ടായിരുന്നുവെന്നും, ഇത്തവണ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് ലഭിച്ച 179 വോട്ടുകൾ പാർട്ടി വോട്ട് മറിച്ചതിന്റെ സൂചനയാണെന്നും ഹനീഫ പറഞ്ഞു. സ്ഥാനാർഥിയെ നിർത്തിയ കാര്യം ബ്രാഞ്ച് കമ്മിറ്റി അറിഞ്ഞിരുന്നില്ലെന്നും, ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം ആരോപിച്ചു.

വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഒരു ഘട്ടത്തിലും സജീവമായി പ്രചാരണം നടത്തിയിട്ടില്ലെന്നും, വീടുകളിലെത്തി വോട്ട് തേടിയിട്ടില്ലെന്നും ഹനീഫ വ്യക്തമാക്കി. സ്ഥാനാർഥിയുടെ പേര് പോലും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. അബ്ദുറഹ്‌മാൻ 301 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്രൻ സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ടുകളും, മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ കുന്തിപ്പുഴ 65 വോട്ടുകളും നേടി. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എൽഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img