
സാഹിത്യ നിരൂപകനും ഗുരുദേവ ദർശന പ്രഭാഷകനും പ്രചാരകനുമായ ഡോക്ടർ എം എം ബഷീറിന്റെ സപ്തതി ആഘോഷം സെപ്റ്റംബർ 7 ഞായറാഴ്ച 4. 00 മണിക്ക് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ ജയന്തി മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് വക പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. 1955 ആഗസ്റ്റ് മാസത്തിലെ അഷ്ടമിരോഹിണി ദിനത്തിലാണ് ഡോക്ടർ എം എം ബഷീർ ജനിച്ചത്. ഗുരുദേവ കൃതികളുടെയും ഗുരുദേവ ദർശനങ്ങളുടെയും പ്രചരണത്തിനായി കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി ആയിരത്തിലധികം വേദികൾ പങ്കിട്ട വ്യക്തിയാണ് ഡോക്ടർ എം എം ബഷീർ. വിശ്വ ഗുരുവിന്റെ അരുളുകളും പൊരുളുകളും, അവദൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ, മഹാഗുരുവും ചിന്നസ്വാമിയും, സംഘടിച്ച് ശക്തരാകുവിൻ, വിശ്വ ഗുരു, എല്ലാം ഗുരുനിയോഗം തുടങ്ങി ശ്രീനാരായണ ഗുരുവിന്റെ കൃതികളും ദർശനങ്ങളും ആസ്പദമാക്കിയാണ് അദ്ദേഹം പ്രഭാഷണം നടത്തിവരുന്നത്. ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന ഫിഷറീസ് സാംസ്കാരിക സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് എക്സ് എം എൽ എ, എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, സുജിത്ത് തന്ത്രികൾ, രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ ഏഴുമറ്റൂർ, മാവേലിക്കര യൂണിയൻ കൺവീനർ ഡോക്ടർ എ വി ആനന്ദരാജ്, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ ആഘോഷചടങ്ങിൽ സംബന്ധിക്കും. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സ്വാഗതവും ജോയിൻ കൺവീനർ പുഷ്പ ശശികുമാർ നന്ദിയും പറയും.











