05:59am 10 November 2026
NEWS
ഷെഫീനയെ കൊലപ്പെടുത്തിയത് യുവാവുമായുള്ള വീഡിയോകോൾ പതിവായതിനാലെന്ന് സഹോദരൻ


22/06/2025  02:45 PM IST
nila
 ഷെഫീനയെ കൊലപ്പെടുത്തിയത് യുവാവുമായുള്ള വീഡിയോകോൾ പതിവായതിനാലെന്ന് സഹോദരൻ
HIGHLIGHTS

തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ  അടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ഷെഫീന മറ്റൊരു യുവാവുമായി നിരന്തരം വീഡിയോ കോൾ ചെയ്യുന്നതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെഫീനയുടെ കുടുംബജീവിതം തകരാൻ ഈ യുവാവാണ് കാരണമെന്ന് സഹോദരൻ ഷംഷാദ് സംശയിച്ചിരുന്നെന്നും ഇതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം. മറ്റൊരു കേസിൽ പ്രതിയായ ഷംഷാദ് ഒളിവിൽ കഴിയാനാണ് മണ്ണന്തലയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

ചെമ്പഴന്തി അണിയൂരിലെ ഒരു അടിപിടി കേസിൽ പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂർ റോഡിനു സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവിൽ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷെഫീനയെയും ഒപ്പം കൂട്ടി. ഇവിടെവച്ച് ഷെഫീന യുവാവിനെ വിഡിയോ കോൾ ചെയ്യുന്നതു കണ്ടതാണു പ്രകോപന കാരണം എന്ന് ഷംഷാദ് മൊഴി നൽകി.

ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് ശനിയാഴ്ച വൈകിട്ട് 5.15ന് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. ഷെഫീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷെഫീനയ്ക്കു രണ്ടു മക്കളുണ്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ വിശാഖിനെയും കൂട്ടി ഫ്ലാറ്റിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. തർക്കത്തിനൊടുവിൽ സഹോദരിയെ ക്രൂരമായി മർദിച്ചു. ഇതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ ഷെഫീനയെ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് പിടികൂടിയ ഷംഷാദിൻറെ സുഹൃത്ത് വിശാഖിനു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഈ മാസം 14നാണ് സഹോദരങ്ങൾ മണ്ണന്തലയിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷെഫീനയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരമാസകലം മാരക മുറിവുകളുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img