09:11pm 07 November 2026
NEWS
മോദി ഭരണത്തേക്കാൾ ജനാധിപത്യപരമായിരുന്നു മൻമോഹൻ സിങ്ങിന്റെ കാലം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി അഭിജിത് ദിപ്കെ
07/11/2026  08:56 PM IST
nila
മോദി ഭരണത്തേക്കാൾ ജനാധിപത്യപരമായിരുന്നു മൻമോഹൻ സിങ്ങിന്റെ കാലം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി അഭിജിത് ദിപ്കെ

കൊച്ചി: മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ ശക്തമായിരുന്നുവെന്നും മോദി ഭരണത്തിൽ ജനാധിപത്യാവകാശങ്ങൾ നിയന്ത്രിക്കപ്പെടുകയാണെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെ. മൻമോഹൻ സിങ് സർക്കാരിന് പോരായ്മകളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിച്ച 'ജന്തർമന്തർ @ കൊച്ചി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിപ്കെ.

ദേശീയപതാക ഉയർത്തിയതിന്റെ പേരിൽ താനടക്കമുള്ളവരെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി ദിപ്കെ ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്താണ് ഇതിനുമുൻപ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ത്രിവർണ പതാക ഉയർത്താനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ ജനങ്ങളുടെ ഭക്ഷണരീതികൾ, വ്യക്തിജീവിതം, വോട്ടവകാശം എന്നിവയിൽ പോലും നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് ദിപ്കെ കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആത്മാവും ബി.ആർ. അംബേദ്കർ രാജ്യത്തിന്റെ നട്ടെല്ലും ജവഹർലാൽ നെഹ്റു മനസ്സുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 120 വർഷം അധികാരത്തിലിരുന്നാലും ഇവർക്കു മുകളിലെത്താൻ മോദിക്ക് കഴിയില്ലെന്നും പരിഹസിച്ചു.

വിദേശശക്തികൾ യുവാക്കളെയും സിജെപിയെയും നിയന്ത്രിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് മുന്നിൽ രാജ്യതാൽപര്യങ്ങൾ അടിയറവ് വയ്ക്കുകയാണെന്നും ദിപ്കെ ആരോപിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി, താരിഫ് തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുടെ സമ്മർദത്തിന് മോദി വഴങ്ങിയെന്നും വിദേശശക്തികളുടെ യഥാർഥ പാവ പ്രധാനമന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ നടന്ന യുവജന പ്രതിഷേധങ്ങളെ നേരിടാൻ ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം കേന്ദ്രം സൃഷ്ടിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. മെട്രോ, റെയിൽ ഗതാഗതവും ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെടുത്തി. ഏകദേശം 40,000 സുരക്ഷാസേനാംഗങ്ങളെ സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ വിന്യസിച്ചത് പ്രധാനമന്ത്രിയുടെ ഭയമാണ് വ്യക്തമാക്കുന്നതെന്നും ദിപ്കെ വിമർശിച്ചു. അതിർത്തി സംരക്ഷിക്കേണ്ട സേനയെ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിക്ക് ജനങ്ങളെയും മാധ്യമങ്ങളെയും നേരിടാൻ ഭയമാണെന്നും ഗുജറാത്ത് കലാപം മുതൽ മതത്തിന്റെ പേരിലുള്ള വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി പിന്തുടരുന്നതെന്നും ദിപ്കെ പറഞ്ഞു. ജനാധിപത്യത്തിൽ ഭരണമാറ്റം തിരഞ്ഞെടുപ്പിലൂടെ മാത്രമേ സാധ്യമാകൂ. എന്നാൽ ജനങ്ങൾ ഇപ്പോൾ കൂടുതൽ രാഷ്ട്രീയബോധമുള്ളവരാണ്. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ നർമവും ബുദ്ധിയും ഉപയോഗിച്ച് നേരിടണമെന്നും 2029ലെ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾ ഭയമില്ലാതെ ചോദ്യം ചെയ്യുന്നു: പ്രകാശ് രാജ്

പുതുതലമുറ ഭരണകൂടത്തെ ഭയക്കാതെ സർക്കാരിനെ ചോദ്യം ചെയ്യാൻ മുന്നോട്ടുവരുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. 2014ൽ മോദി ആദ്യമായി അധികാരത്തിലെത്തുമ്പോൾ കുട്ടികളായിരുന്ന പലരും ഇന്ന് രാഷ്ട്രീയബോധമുള്ള യുവാക്കളായി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ നിശബ്ദരായിരിക്കാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങൾക്ക് ലഭിച്ചിട്ടുള്ള അവകാശങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടുമെന്ന ഭയത്താൽ കർഷകരും സർക്കാർ ജീവനക്കാരും അധ്യാപകരും പലപ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു. എന്നാൽ യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ അവർ കൂടുതൽ ധൈര്യത്തോടെ പ്രതികരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

മറൈൻ ഡ്രൈവിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചോടെയാണ് 'ജന്തർമന്തർ @ കൊച്ചി' പരിപാടിക്ക് തുടക്കമായത്. മുൻ മന്ത്രി പി. രാജീവ്, മുൻ എംപി സെബാസ്റ്റ്യൻ പോൾ, എൻ.എസ്. മാധവൻ, സുനിൽ പി. ഇളയിടം, രഞ്ജിനി ഹരിദാസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, പരിപാടിയുടെ കൺവീനർ ഗോപകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img