
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് താര ജോഡികളായിരുന്ന മഞ്ജു വാരിയരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികളുടെ മനസ്സിൽ ഇന്നും അണയാതെ നിൽക്കുന്നുണ്ട്. ഇരുവരും പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പം നിന്നതും ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചതുമെല്ലാം ആരാധകരുടെ മനസ്സിലെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ ചിലതാണ്. വിവാഹ ബന്ധം വേർപെടുത്താനിടയായ കാരണത്തെ കുറിച്ച് ഇരുവരും കൂടുതൽ വിവരങ്ങളൊന്നും പുറത്തുപറഞ്ഞിട്ടുമില്ല. എന്നാൽ, രണ്ടുപേരും ഒരുമിച്ചെത്തുന്ന അവസരങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ, ആരാധകരെ അമ്പരപ്പിച്ച് ദിലീപിന്റെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിച്ച 'സല്ലാപം' എന്ന ചിത്രത്തിൻറെ പോസ്റ്ററാണ് മഞ്ജു പങ്കുവച്ചത്. ചിത്രത്തിൻറെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് മനോജ് കെ.ജയൻ പങ്കുവച്ച പോസ്റ്റാണ് മഞ്ജുവും ഷെയർ ചെയ്തത്. 'പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിന് ഇന്നേക്ക് 30 വയസ്സ്' എന്ന കുറിപ്പിനൊപ്പമാണ് മനോജ് കെ.ജയൻ പോസ്റ്റ് പങ്കുവച്ചത്.
ഇതോടെ മഞ്ജുവിൻറെ പ്രഫഷനലിസം കൂടിയാണ് ചർച്ചയാവുന്നത്. വ്യക്തിജീവിതം പ്രഫഷനിൽ കലർത്താത്ത മഞ്ജു കലയോടുള്ള ബഹുമാനം കൂടിയാണ് കാണിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ കമൻറുകൾ പറയുന്നു. 1996ൽ സുന്ദർ ദാസിൻറെ സംവിധാനത്തിലാണ് 'സല്ലാപം' റിലീസ് ചെയ്തത്. ലോഹിത ദാസായിരുന്നു ചിത്രത്തിൻറെ തിരക്കഥയെഴുതിയത്. കലാഭവൻ മണി, ബിന്ദു പണിക്കർ, എൻ.എഫ്. വർഗീസ് മുതലയാവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.










