
മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 87 വർഷം കഠിനതടവ്. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടൻ ഉനൈസിനെ (29) യാണ് കോടതി ശിക്ഷിച്ചത്. 87 വർഷം കഠിനതടവിന് പുറമേ 4.60 ലക്ഷംരൂപ പിഴയൊടുക്കണമെന്നും മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എ.എം. അഷ്‌റഫിന്റെ ശിക്ഷാവിധിയിൽ പറയുന്നു. പിഴയടച്ചാൽ തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. 2020 മേയ് ഒന്നുമുതൽ നിരവധി തവണ അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്നാമ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ നഗ്‌നഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മഞ്ചേരി പോലീസ് ഇൻസ്‌പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.











