
കേരള നിയമസഭയിൽ ജനുവരി 22 ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി എന്തുകൊണ്ടാണ് കാർബോറാണ്ടം കമ്പനിയിൽ നിന്നും പദ്ധതി ഏറ്റെടുക്കാത്തത് എന്ന വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചു. മറുപടി പറഞ്ഞ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി ഏറ്റെടുക്കണമെന്ന നിലപാടാണ് കെ.എസ്.ഇ.ബിക്കെന്നും എന്നാൽ കരാർ നീട്ടണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും പറഞ്ഞു.
മന്ത്രി കൃഷ്ണൻകുട്ടി മറുപടി പറഞ്ഞ് ഇരുന്നയുടനെ ആ മറുപടിയിൽ തൃപ്തി വരാതെയെന്നപോലെ മുഖ്യമന്ത്രി എഴുന്നേറ്റുനിന്നുകൊണ്ടുപറഞ്ഞു: കാർബോറാണ്ടം കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവർക്കാവശ്യായ വൈദ്യുതി അവർ ഉൽപ്പാദിപ്പിക്കട്ടെ. മിച്ചം വരുന്നത് കെ.എസ്.ഇ.ബിക്ക് നൽകട്ടെ. ഇക്കാര്യത്തിൽ തർക്കത്തിന്റെ കാര്യമില്ല. 'ഈസ് ഓഫ് ഡൂയിംഗ്' ബിസിനസിന്റെ കാലമാണിത്.
സഭയിലെ ചില മുതിർന്ന അംഗങ്ങൾ അപ്പോൾ പരസ്പരം നോക്കിയിരിക്കുന്നത് കാണാമായിരുന്നു. അതേക്കുറിച്ച് പിന്നീട് ഒരു എം.എൽ.എ വിശദീകരിച്ചത് 2015 ൽ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാൻ ഉമ്മൻചാണ്ടി സർക്കാർ അദാനിഗ്രൂപ്പുമായി ധാരണയുണ്ടാക്കിയപ്പോൾ 7525 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കിയ പദ്ധതിയുടെ ഇടപാടിൽ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നും, 2013 മാർച്ച് 3 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.വി. തോമസ് എം.പിയുടെ ഡെൽഹിയിലെ വസതിയിൽവച്ച് പദ്ധതി ഏറ്റടുക്കാൻ അദാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ക്ഷണിക്കേണ്ട കാര്യം എന്തായിരുന്നുവെന്നും ചോദിച്ച പിണറായി തന്നെയാണല്ലോ ഇതെന്ന് ഓർത്ത് തങ്ങൾ ചിരിച്ചുപോയതാണെന്നായിരുന്നു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും സംസ്ഥാന സർക്കാരും അനുമതി നൽകിയതനുസരിച്ച് പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്(ഇമൃയീൃൗിറലാ ഡിശ്‌ലൃമെഹ ഘറേ)(ഇഡങക) ങൗൃൗഴമുുമ ഏൃീൗു സ്വകാര്യമേഖലയിൽ (രമുശേ്‌ല) നിർമ്മിച്ച ചെറുകിട ജലവൈദ്യുതി പദ്ധതിയാണ് പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി. ഇവിടെ 4 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം 1994 ൽ കമ്മിഷൻ ചെയ്തു.
ചെന്നൈ ആസ്ഥാനമായുള്ള ഒരു സമ്പന്ന തമിഴ് ചെട്ടിയാർ(നാട്ടുകോട്ടൈ ചെട്ടിയാർ) ബിസിനസ് കുടുംബമാണ് മുരുഗപ്പ കുടുംബം. 2024 ഒക്‌ടോബറിൽ, ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ 100 ധനികരായ വ്യവസായികളുടെ പട്ടികയിൽ മുരുഗപ്പ കുടുംബം 26- ാം സ്ഥാനത്താണ്. അവരുടെ ആസ്തി 2024 ൽ 10.1 ബില്യൺ ഡോളറായിരുന്നു. നാലാം തലമുറ കുടുംബാംഗമായ എം.എം. മുരുഗപ്പനാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.
മുരുഗപ്പ ഗ്രൂപ്പ് 1954 ൽ യു.എസ്.എയിലെ ദി കാർബോറാണ്ടം കമ്പനി, യു.കെയിലെ യൂണിവേഴ്‌സൽ ഗ്രൈൻഡിംഗ് വീൽ കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളുടെ കൂടി സഹകരണത്തോടെ സ്ഥാപിച്ച കമ്പനിയാണ് മണിയാർ പദ്ധതി ഏറ്റെടുത്ത കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് എന്ന സ്ഥാപനം. അവരുടെ പാലക്കാട്, കൊരട്ടി, കളമശ്ശേരി ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാണ് ജലവൈദ്യുതപദ്ധതി അനുവദിച്ചത്.
1991 മേയ് 18 ന് കാർബോറാണ്ടം കെ.എസ്.ഇ.ബിയുമായി കരാർ ഒപ്പുവെച്ചു. 30 വർഷത്തേക്കായിരുന്നു കരാർ. 1994 ൽ പദ്ധതി കമ്മിഷൻ ചെയ്ത് വൈദ്യുതോൽപ്പാദനം ആരംഭിച്ചു. 2024 ഡിസംബർ 31 ന് കരാർ കാലാവധി അവസാനിച്ചു. 1994 ൽ പദ്ധതി കമ്മിഷൻ ചെയ്യുമ്പോൾ മണിയാറിൽ പവർ ഹൗസും, അണക്കെട്ടും ജലസംഭരണിയുമുൾപ്പെടെ പദ്ധതി നടപ്പാക്കുന്നതിന് കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് ചെലവ് വന്നത് 22 കോടി രൂപ മാത്രമാണ്. മണിയാർ പവർ ഹൗസിൽ നിന്നും കെ.എസ്.ഇ.ബിയുടെ ലൈനിലൂടെയാണ് വൈദ്യുതി കൊച്ചിയിലെത്തുന്നത്.
പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജലസേചന വകുപ്പ് കക്കാട്ടാറിന് കുറുകെ മണിയാറിൽ നിർമ്മിച്ചിട്ടുള്ള ഡാമിലെ വെള്ളം ഉപയോഗിച്ചാണ് കാർബോറാണ്ടം കമ്പനിയും മണിയാർ പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ശബരിഗിരി പദ്ധതിയുടെ മൂഴിയാർ നിലയത്തിൽ നിന്ന് വൈദ്യുതോൽപ്പാദനത്തിനുശേഷം കക്കാട്ടാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് മണിയാർ പവർ ഹൗസിന്റെ പ്രധാന ജലസ്രോതസ്സ്. ജലദൗർലഭ്യം എന്ന പ്രശ്‌നം ഇവിടെ തീരെ ഇല്ല. അതിനാൽ വർഷത്തിന്റെ ഭൂരിഭാഗം സമയത്തും ഇവിടെ വൈദ്യുതി ഉൽപ്പാദനം മുടക്കം കൂടാതെ നടക്കുന്നു.
നാൽപ്പത് പൈസയിൽ താഴെയാണ് മണിയാറിൽ കാർബോറാണ്ടം കമ്പനിക്ക് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കുന്നതിന് ചെലവ്. സംസ്ഥാനത്ത് ഇന്ത്യയിൽതന്നെ ഏറ്റവും കുറഞ്ഞ ഉൽപ്പാദനച്ചെലവ് വൈദ്യുതിക്ക് മണിയാറിലാണ്. വൈദ്യുതിബോർഡ് കണക്കുകൂട്ടുന്നത് മണിയാർ ജലവൈദ്യുത പദ്ധതിയിൽ 30 വർഷം കൊണ്ട് സ്വകാര്യകമ്പനിക്ക് 300 കോടിയിലേറെ രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ടാകും എന്നാണ്. മണിയാറിലെ ഉൽപ്പാദനത്തിന് യൂണിറ്റിന് 50 പൈസ മാത്രമാണ് നിലവിലെ നിരക്ക്. അതേസമയം വൈദ്യുതി ബോർഡിൽ നിന്ന് നിലവിൽ സ്വകാര്യകമ്പനികൾ വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 6.20 രൂപ നൽകണം.
പദ്ധതി തുടങ്ങിയ 94-95 ൽ മണിയാറിൽ ഉൽപ്പാദനത്തിന് യൂണിറ്റിന് 10 പൈസ മാത്രമായിരുന്നു നിരക്ക്. അക്കാലത്ത് വ്യവസായങ്ങൾക്കുള്ള നിരക്ക് 90 പൈസയും. പത്തുവർഷത്തിനുശേഷം ഇത് 30 പൈസയും 3 രൂപയുമായി മാറി. നിലവിൽ 50 പൈസയും 6.20 രൂപയും. അതായത് ഒരു വർഷം ഏറ്റവും ചുരുങ്ങിയത് 11.07 കോടി രൂപ കമ്പനിക്ക് വൈദ്യുതി നിരക്കിൽ ലാഭം ഉണ്ടായിട്ടുണ്ടാകുമെന്ന് വൈദ്യുതി ബോർഡ് കണക്കുകൂട്ടുന്നു.
വൈദ്യുതി ബോർഡും കാർബോറാണ്ടം കമ്പനിയും തമ്മിലുണ്ടായിട്ടുള്ള കരാറിലെ പദ്ധതി കാലാവധി തീരുന്ന മുറയ്ക്ക് ഒരു ദിവസം പോലും വൈകാതെ മണിയാർ ക്യാപ്റ്റീവ് ജലവൈദ്യുത പദ്ധതി സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുക്കണെന്ന ഉറച്ച അഭിപ്രായവും ആവശ്യവും ബോർഡ് സർക്കാരിനോട് ശക്തമായി ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്. വൈദ്യുതി ബോർഡു ചെയർമാനും വൈദ്യുതി മന്ത്രിക്കും പദ്ധതി സർക്കാർ ഏറ്റെടുക്കണം എന്ന ഉറച്ച നിലപാടായിരുന്നു.
ഉൽപ്പാദനം തുടങ്ങി 30 വർഷം തികയുന്ന 2024 ഡിസംബറിൽ സ്വകാര്യകമ്പനി പദ്ധതി സർക്കാരിന്(ബോർഡിന്) തിരിച്ച് ഏൽപ്പിക്കുന്നതിനാവശ്യമായ കർക്കശനിലപാട് സ്വീകരിക്കണമെന്ന് ബോർഡിലെ ചില മുതിർന്ന റിട്ടയർ ഉദ്യോഗസ്ഥർ 2024 ൽ സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേസമയം മറുവശത്ത് കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് കമ്പനിയുടെ ഉടമകളായ ചെന്നൈയിലെ മുരുഗപ്പ ഗ്രൂപ്പ് മുഖ്യമന്ത്രി പിണറായി വിജയനോടും വ്യവസായ മന്ത്രി പി. രാജീവിനോടും പദ്ധതിയുടെ കാലാവധി 25 വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യം ഉന്നയിച്ച് ഒരു വർഷമായി നിരന്തരം സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
വ്യവസായമന്ത്രി പി. രാജീവ് കരാർ 25 വർഷത്തേയ്ക്ക് കൂടി നീട്ടിനൽകണമെന്ന നിലപാട് മുഖ്യമന്ത്രിയുടെ അറിവോടെ എടുത്തിട്ടും പദ്ധതി വിട്ടുകിട്ടണമെന്ന് ബോർഡ് ഉറച്ച നിലപാട് തുടർന്നതിനാൽ ഡിസംബർ അഞ്ചിന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല യോഗം നടന്നു. ഈ യോഗത്തിന്റെ മിനിറ്റ്‌സ് പിന്നീട് പുറത്തുവരികയുണ്ടായി. മന്ത്രി കൃഷ്ണൻകുട്ടിയും ബോർഡ് എം.ഡി ബിജുപ്രഭാകറും മണിയാർ പദ്ധതി പുതുക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചതായി മിനിറ്റ്‌സിലുണ്ടായിരുന്നു. ഡിസംബർ 31 ന് ബൂട്ട് കാലാവധി അവസാനിക്കുമെന്നതിനാൽ പദ്ധതിബോർഡിനെ ഏൽപ്പിക്കണമെന്ന് കാർബോറാണ്ടത്തിന് നോട്ടീസ് നൽകിയ കാര്യവും സി.എം.ഡി ബിജുപ്രഭാകരൻ യോഗത്തെ അറിയിച്ചു. കാലാവധി നീട്ടുന്നത് നിയമത്തിനെതിരാണെന്നതും ഭാവിയിൽ ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് കമ്പനികൾ സമീപിക്കുമെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം. ജനുവരി 22 ന് നിയമസഭയിൽ മറുപടി പറയുമ്പോഴും മന്ത്രി കൃഷ്ണൻകുട്ടി ഉള്ളാലെ, ഉൽപ്പാദനച്ചെലവു തീരെ കുറഞ്ഞ ഈ യൂണിറ്റ് ബോർഡ് തിരിച്ചെടുക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു.
ഇതിനിടെ മുരുഗപ്പ ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം ചില വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചു. മണിയാറിൽ കരാർ നീട്ടിക്കിട്ടിയാൽ കേരളത്തിലെ തങ്ങളുടെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കാം. എടപ്പള്ളിയിലെ ആലുംമിന ഫ്യൂഷൻ ഫെസിലിറ്റി, കൊരട്ടിയിലെ എസ്.ഐ.സി പ്രൊഡക്ഷൻ ഫെസിലിറ്റി എന്നീ ഫാക്ടറികൾ വിപുലീകരിക്കാം. എടപ്പള്ളിയിൽ പുതിയ ഗ്രയിൻ പ്രോസസിംഗ് പ്ലാന്റ്, കളമശ്ശേരിയിൽ സോളാർ പ്ലാന്റ് ഹൈ, പ്യൂരിറ്റി, സിലിക്കോൺ കാർബൈഡ്, ബോഗോൺ കാർബൈഡ്, ഗ്രാഫൈറ്റ് രംഗത്ത് പുതിയ കമ്പനി എന്നിവയ്ക്കായി പുതിയ മൂലധന നിക്ഷേപം നടത്താം, പക്ഷേ മണിയാറിലെ കരാർ നീട്ടണം.
കമ്പനിയുടെ ഈ ഓഫർ സ്വീകരിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്ന നിലപാടിലേക്ക് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും മാറിയത് ഇതോടെയാണ്.
സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും സംസ്ഥാനത്ത് മൂലധന നിക്ഷേപം ആര് നടത്തിയാലും അവർക്കാവശ്യമായ എല്ലാ സൗകര്യവും ഏറ്റവും എളുപ്പത്തിൽ ചെയ്തുകൊടുക്കും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത് 'ഈസ് ഓഫ് ഡ്യൂയിംഗ് കാലം' എന്ന് മുഖ്യമന്ത്രി പറഞ്ഞതും ഈ സാഹചര്യത്തിലാണ്. ലോകബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് ഈസ്ഓഫ് ഡൂയിംഗ് ബിസിനസ്(ഇ.ഒ.ഡി.ബി). 190 രാജ്യങ്ങളിൽ ഇന്ത്യ ഇ.ഒ.ഡി.ബിയിൽ 100-ാം സ്ഥാനത്താണ്. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനമാണ് കേരളത്തിനെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.
മണിയാറിന്റെ കാലാവധി കഴിഞ്ഞവർഷം കൊണ്ടവസാനിപ്പിച്ചെങ്കിലും തങ്ങൾക്ക് കരാർ കാലാവധി നീട്ടിക്കിട്ടും എന്ന ഉറച്ച വിശ്വാസത്തിൽ കാർബോറാണ്ടം കമ്പനി വൈദ്യുതി ഉൽപ്പാദനം തുടർന്നുകൊണ്ടേയിരുന്നു; 1-1-2025 മുതൽ കരാർ ഒന്നുമില്ലാതെ.
ഇതിനിടെ പുറത്തുവരാതിരുന്ന ഏറ്റവും ദുരൂഹമായ ഒരു കാര്യം മൂന്നുവർഷമായി പദ്ധതിയിലെ ഒരു യൂണിറ്റ് വൈദ്യുതി പോലും കാർബോറാണ്ടം ഉപയോഗിച്ചിട്ടില്ല എന്നതാണ്. കാപ്റ്റീവ് പദ്ധതിയിൽ നിന്നുള്ള വൈദ്യുതി കാർബോറാണ്ടത്തിന് ആവശ്യമില്ലെന്ന് വൈദ്യുതി ബോർഡ് കരുതുന്നതിന്റെ കാരണമിതാണ്. വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2022 ൽ തന്നെ കാർബോറാണ്ടത്തിന് ബോർഡ് നോട്ടീസ് നൽകിയിരുന്നു. കരാർ നീട്ടാനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ കാർബോറാണ്ടം കമ്പനി പറയുന്നത് തങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെല്ലാം കാപ്റ്റീവ് പവ്വർ പ്ലാന്റിന്റെ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട് എന്നാണ്.