12:59am 02 May 2026
NEWS
ഇവന് ഭ്രാന്താണെന്ന് തോന്നുന്നു; ടിനി ടോമിനെ തള്ളി മണിയൻപിള്ള രാജു
07/07/2025  12:37 PM IST
nila
 ഇവന് ഭ്രാന്താണെന്ന് തോന്നുന്നു; ടിനി ടോമിനെ തള്ളി മണിയൻപിള്ള രാജു

പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്ന വിവരം തന്നോട് പറഞ്ഞത് സീനിയർ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്ന നടൻ ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു. താൻ ഒരിക്കലും ടിനി ടോമിനോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നുമായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. സംവിധായകൻ ആലപ്പി അഷ്റഫാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നത്.  മണിയൻപിള്ള രാജുവിന്റെ ഫോൺ സംഭാഷണവും ആലപ്പി അഷ്റഫ് പുറത്തുവിട്ടിട്ടുണ്ട്. 

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ: 

‘‘ടിനിയൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദേഹത്തിന്റെ കൂടെ പത്തു പതിനഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എന്റെ ഇന്റർവ്യൂകളിലും പ്രസംഗത്തിലുമൊക്കെ പറയാറുണ്ട്, ഇത്രയും ദൈവതുല്യനായ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല എന്ന്. വർഷാവർഷം നടക്കുന്ന നസീർ സാറിന്റെ പരിപാടികളിൽ ഞാൻ പോയി സംസാരിക്കാറുണ്ട്.’’

‘‘ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായ ഒരാളെപ്പറ്റി മോശമായി സംസാരിക്കുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചു പോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതൽ നായകനായതിന്റെ റെക്കോർഡുള്ള മനുഷ്യനാണ് നസീർ സാർ. ഞാൻ ഒരിക്കലും അദ്ദേഹത്തെപ്പറ്റി അങ്ങനെയൊരു കാര്യം പറയില്ല. നസീർ സാറിനെ ഇഷ്ടപ്പെടുന്നവർ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. ടിനി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ടിനിയുടെ പ്രസ്താവനയിൽ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞാൻ അങ്ങനെ പറയില്ലെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാൻ എത്രയോ തവണ എഴുതിയിട്ടുണ്ട്. രണ്ട് പടം വന്നാൽ പണ്ട് നടന്ന വഴിയൊക്കെ മറക്കും ഇവരെല്ലാം. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല,’’ 

പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്ന ടിനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രസ്താവന  വിവാദമായതോടെ ടിനി ടോം മാപ്പു പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

 ‘പ്രേംനസീറിനെപ്പോലുള്ള ഇതിഹാസതാരങ്ങളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ തനിക്ക് പറ്റില്ല. മനസാ വാചാ കർമണാ ഇങ്ങനെ വാർത്തയിൽ വന്ന പോലെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല. എന്നെ കൊണ്ട് പറ്റുകയുമില്ല. എന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു,’ എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img