
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ച് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി. കേസിൽ പരാതിക്കാരനായ പ്രവാസി മലയാളിയും വ്യവസായിയുമായ ദിനേശ് മേനോന് 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
വിധിച്ച തുക ഒരു മാസത്തിനകം നൽകണമെന്നാണ് കോടതി നിർദേശം. ഈ കാലയളവിനുള്ളിൽ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, തടവുശിക്ഷ ഒരു വർഷമായതിനാൽ നിലവിൽ മാണി സി. കാപ്പന്റെ എംഎൽഎ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. നിയമപ്രകാരം ജനപ്രതിനിധിയുടെ അയോഗ്യതയ്ക്ക് സാധാരണയായി രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ആവശ്യമാണ്.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മാണി സി. കാപ്പന്റെ പ്രതികരണം. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
2015 മുതൽ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. കണ്ണൂർ എയർപോർട്ടിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലടക്കം ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയിൽ എത്തിയ കേസിന്റെ നടപടി ക്രമങ്ങൾ മുന്നോട്ട് പോയിരുന്നില്ല. പിന്നാലെയാണ് പരാതിക്കാരൻ ബോറിവെല്ലി കോടതിയെ സമീപിച്ചത്. കോടതി വിശദമായ വാദം കേട്ടതിന് ശേഷമാണ് മാണി സി കാപ്പൻ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.










