
ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച ഇരുപത്താറുകാരി അറസ്റ്റിൽ. മംഗളുരുവിലെ ഹോസ്റ്റലിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയാണ് പിടിയിലായത്. നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നിരീക്ഷ. ഹോസ്റ്റലിലെ മറ്റു യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഇവർ യുവതികളോട് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മംഗളൂരുവിൽ എക്സ്റേ ടെക്നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് ഒട്ടേറെ യുവാക്കളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായും കണ്ടെത്തി. യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.











