
കൊച്ചി: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗളൂരു ജംങ്ഷനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹെബി ഈഡന്‍ എംപി. ഒരു മാസത്തോളം നീണ്ട പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു പിന്നാലെ തീരുമാനം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മംഗളൂരു ജംങ്ഷനെ പാലക്കാട് ഡിവിഷനില്‍ നിന്നും മാറ്റിയ കേന്ദ്ര തീരുമാനത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ഹൈബി പറഞ്ഞു. എല്ലാ മേഖലയിലും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുകയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മംഗളൂരു ജംങ്ഷന്‍ മാറ്റമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന കാലങ്ങളായുള്ള ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്രനിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും നിരന്തര സമരം നടത്തുമെന്ന് ഹൈബി വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിരോധത്തിന്റെ ഭാഗമാണ് മംഗളൂരു ജംങ്ഷന്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു പഠനവും നടത്താതെയുള്ള തീരുമാനം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷിയാസ് വ്യക്തമാക്കി.
ജെബി മേത്തര്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, ദീപക് ജോയ്, കെ. ബാബു, ബി.എ. അബ്ദുല്‍ മുത്തലിബ്, വി.ജെ. പൗലോസ്, ഡൊമിനിക് പ്രസന്റേഷന്‍, എന്‍. വേണുഗോപാല്‍, ഐ.കെ. രാജു, എം.ആര്‍. അഭിലാഷ്, കെ.എം. സലീം, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, ഷാജി കുറുപ്പശേരി, അബ്ദുല്‍ ലത്തീഫ്, കെവിപി കൃഷ്ണകുമാര്‍, വി കെ ശശികുമാര്‍, കെ എക്‌സ് സേവ്യര്‍, എന്‍ ആര്‍ ശ്രീകുമാര്‍, വി.ആര്‍. സുധീര്‍, കെ പി തങ്കപ്പന്‍, സുനില സിബി, വിവേക് ഹരിദാസ്, സിജോ ജോസഫ്, കൊച്ചു ത്രേസ്യ, കെ ജോയ്, സി വിനോദ്, പി വി സജീവന്‍, കെ വി ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Photo Courtesy - Google







