
ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. വ്യാഴാഴ്ച പ്രദേശിക സമയം ഒൻപതരയോടെയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ ആക്രമണമുണ്ടായത്. ആൾക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആളുകളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.
ജൂത മത വിശ്വാസം അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂർ ആചരണത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. ജൂത മത വിശ്വാസികളാണ് കൊല്ലപ്പെട്ട രണ്ട് പേർ. അക്രമിയെ തിരിച്ചറിയാൻ സാധിച്ചതായും അക്രമിയെ ആയുധധാരികളായ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നതായും പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യു കെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഡെന്മാർക്ക് സന്ദർശനം സ്റ്റാർമർ അവസാനിപ്പിച്ചു.











