
കൊല്ലം: ഭർത്താവ് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ വിൽപ്പന നടത്തിയെന്ന യുവതിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ഇത്തരം ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നും യുവതി കൊട്ടിയം പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു. പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭർത്താവ് ഒളിവിലാണ്.
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കണമെന്ന് സംഘത്തിലെ ചിലർ ആവശ്യപ്പെട്ടിരുന്നതായും യുവതി പറയുന്നു. ഭാര്യയെ കാണാനെന്ന പേരിലാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയതെന്നും പിന്നീട് അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പങ്കുവച്ച് ഭർത്താവ് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിൽ ഇയാൾക്ക് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്നും യുവതി മൊഴി നൽകി.
ഇതിനിടെ കുട്ടികളുടെ മുന്നിൽവച്ചുപോലും ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൗൺസിലിങ്ങിന് പോകാൻ നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. മർദനമേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.
കൊല്ലം സ്വദേശികളായ ദമ്പതികൾ യുകെയിലാണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന വിവരം ആദ്യം അറിയിച്ചത്. തുടർന്ന് ഭർത്താവിനെ നാട്ടിലെത്തിച്ച് കൗൺസിലിങ്ങിലൂടെ പ്രശ്നം പരിഹരിക്കാൻ യുവതി ശ്രമിച്ചു.
രണ്ടുദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭർത്താവ് വീണ്ടും ക്രൂരമായി മർദിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൊട്ടിയം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.










