
കാമുകനൊപ്പം മകന്റെ പരീക്ഷാകേന്ദ്രത്തിലെത്തിയ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലിയിലാണ് സംഭവം. ഔറംഗബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് സിങ്(40) ആണ് ഭാര്യ സാവിത്രി (34)യെ കൊലപ്പെടുത്തിയത്. യുവതിയുടെ തലയിലാണ് പ്രതി നിറയൊഴിച്ചത്.
പതിനേഴ് വർഷം മുമ്പാണ് നരേഷും സാവിത്രിയും വിവാഹിതരായത്. അക്ഷാൻഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഒരുവർഷം മുമ്പാണ് സാവിത്രി ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനായ സർജീത് സിങ് എന്നയാൾക്കൊപ്പം താമസം ആരംഭിച്ചു. രണ്ടു മക്കളും യുവതിക്കൊപ്പമായിരുന്നു.
ഗാന്ധാരി സ്വദേശിയായ സർജീത് നിലവിൽ നോയിഡയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അക്ഷാൻഷുവിനെ പത്താംക്ലാസ് ബോർഡ് എക്സാമിനായി പരീക്ഷാകേന്ദ്രത്തിൽ കൊണ്ടാക്കാൻ എത്തിയപ്പോഴാണ് സാവിത്രിക്കും സർജീതിനും നേരെ ആക്രമണമുണ്ടായത്. പരീക്ഷാകേന്ദ്രത്തിന് പുറത്ത് മറഞ്ഞുനിന്നാണ് നരേഷ് ആക്രമണം നടത്തിയത്. വെടിയേറ്റ സർജീത് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.











