03:15pm 10 November 2026
NEWS
പത്തനംതിട്ടയിൽ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി
16/07/2025  06:25 PM IST
nila
പത്തനംതിട്ടയിൽ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി

പത്തനംതിട്ടയിൽ യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം.  അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയെ മരുമകൻ സുനിൽ  മൺവെട്ടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നത്തെ തുടർന്നാണ് കൊലനടത്തിയതെന്നാണ് റിപ്പോർട്ട്. 

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനിൽ. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് യുവതിയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്.

ഇന്ന് ഉച്ചയോടെ, കുട്ടികളെ കാണണം എന്ന ആവശ്യവുമായാണ് സുനിൽ ഉഷയുടെ വീട്ടിലെത്തിയത്. ഉഷയുടെ മറ്റൊരു മകൾ മാത്രമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. വൈകാതെ ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ സുനിൽ മൺവെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ വീടിന്റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഇവിടെനിന്നും മാറാൻ സുനിൽ തയ്യാറായിരുന്നില്ല എന്ന് പരിസരവാസികൾ പറയുന്നു. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള ആളുകളോട് സുനിൽ കൊലപാതകത്തെക്കുറിച്ച് ഏറ്റുപറഞ്ഞതായാണ് വിവരം. തന്റെ സ്വത്തുക്കൾ ഉഷാമണി കൈക്കലാക്കിയെന്നും ഇവർ മരിക്കുന്നതാണ് നല്ലത് എന്നും സുനിൽ പറഞ്ഞതായി നാട്ടുകാർ പറയുന്നു.

പൊലീസ് എത്തിയാണ് സുനിലിനെ സംഭവസ്ഥലത്തുനിന്നും മാറ്റിയത്. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ മക്കൾ സ്‌കൂളിൽ ആയിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെച്ചൂച്ചിറ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img