
പാലക്കാട്: കൊടുവായൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എത്തനൂർ സ്വദേശിനി അനുപ്രിയ (31) ആണ് മരിച്ചത്.
പിട്ടു പീടികയിലെ വാടകവീട്ടിലാണ് അനുപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
അനുപ്രിയയുടെ ഭർത്താവ് മണികണ്ഠൻ തന്നെയാണ് പുതുനഗരം പൊലീസിൽ വിവരം അറിയിച്ചത്. ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വഴക്കിനിടെ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിന്റെ സാഹചര്യങ്ങളും കുടുംബവഴക്കിന്റെ കാരണങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
അനാമിക, ആത്മിക എന്നിവരാണ് അനുപ്രിയ–മണികണ്ഠൻ ദമ്പതികളുടെ മക്കൾ.










