
ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങുന്നതിനായി പണം കണ്ടെത്താൻ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിലായി. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ഫെബ്രുവരി 19-നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി പുട്ടരാജുവിനെ വീട്ടിൽ നിന്നിറക്കിയത്. ലേലത്തിൽ പങ്കെടുക്കാൻ വേണ്ടിയെന്ന പേരിൽ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഇരുവരും ബൈക്കിൽ യാത്രതിരിച്ചു.
ഹോന്നവള്ളിക്ക് സമീപമുള്ള വനമേഖലയിലെത്തിച്ച ശേഷം പുട്ടരാജുവിനെ ഷാഫി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പണം കവർന്നെടുത്ത ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസം വനപാതയിലൂടെ പോയ പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോഡ്ജിൽ വച്ച് കണ്ടതായും പൊലീസ് പറയുന്നു. അവിടെവച്ച് പുതിയ ടിവി വാങ്ങുന്നതിനായി 60,000 രൂപ ഇയാൾ ഭാര്യയ്ക്ക് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.











