10:26pm 14 November 2026
NEWS
കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടു വർഷം; കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി തിരിച്ചെത്തി
14/11/2026  09:00 PM IST
nila
കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടു വർഷം; കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി തിരിച്ചെത്തി

 

മൈസൂരു: കൊല്ലപ്പെട്ടെന്ന് കരുതി പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യുകയും ഒരാൾക്ക് ജയിലിൽ കഴിയേണ്ടിവരികയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ യുവതി ആറു വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ കേസിലെ പരാതിക്കാരും പൊലീസും ഒരുപോലെ പ്രതിസന്ധിയിലായി. കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പാണ്ഡവപുര ഗ്രാമത്തിലാണ് സംഭവം. എൻ. മഞ്ജു (35) ആണ് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയത്.

2019 ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. ശ്രീരംഗപട്ടണം സ്വദേശിയായ മഞ്ചുനാഥുമായുള്ള വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ മഞ്ജു കാമുകനായ ചാമരാജ്നഗർ സ്വദേശി നാഗേന്ദ്രയ്ക്കൊപ്പം വീടുവിട്ടു. ഇരുവരും ചെന്നൈയിലെത്തി അവിടെ ജോലി ചെയ്ത് താമസമാരംഭിച്ചു.

മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകിയെങ്കിലും രണ്ടു വർഷത്തോളം വിവരമൊന്നും ലഭിച്ചില്ല. ഇതിനുപിന്നാലെ 2021 ഓഗസ്റ്റിൽ ബന്ധുവായ രാജേഷിനെതിരെ കൊലപാതക ആരോപണവുമായി മറ്റൊരു പരാതി കൂടി ലഭിച്ചു. മഞ്ജുവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി.

രാജേഷും മഞ്ജുവും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നുമായിരുന്നു പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. എന്നാൽ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതോടെ രണ്ടു വർഷത്തിനു ശേഷം രാജേഷിന് ജാമ്യം ലഭിച്ചു.

അതിനിടെ, ഏതാനും മാസങ്ങൾക്കു മുൻപ് മഞ്ജു പാണ്ഡവപുരയിലെ മായിഗൊനഹള്ളിയിൽ താമസത്തിനെത്തി. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജേഷും പിതാവ് രമേശും നടത്തിയ അന്വേഷണത്തിലാണ് മഞ്ജു ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തുവന്നത്.

രാജേഷുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരായ കൊലപാതകക്കേസ് സംബന്ധിച്ച് അറിവില്ലെന്നുമാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. തുടർന്ന് മഞ്ജുവിനെ നാഗമംഗലയിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആറു വർഷം മുമ്പ് കാണാതായ യുവതി ജീവനോടെ തിരിച്ചെത്തിയതോടെ കൊലപാതകക്കേസിന്റെ തുടർനടപടികളും നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img