
ലക്നൗ: രാജ്യത്തെ വിവിധ നഗരങ്ങളിൽ തുടർച്ചയായി ഉയർന്ന ബോംബ് ഭീഷണികൾക്ക് പിന്നിൽ വൻ വ്യാജ ഇമെയിൽ ശൃംഖലയെന്ന് കണ്ടെത്തൽ. അഞ്ച് ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് വിൽപ്പന നടത്തിയ 24കാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്വാറാണ് പിടിയിലായത്.
നോയിഡ, ഡൽഹി, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ പ്രധാന സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ അങ്കിത് നിർമിച്ച ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇയാളുടെ ലാപ്ടോപ്പിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ലക്ഷത്തോളം ഇമെയിൽ വിലാസങ്ങൾ അടങ്ങിയ എക്സെൽ ഫയലുകൾ കണ്ടെത്തിയത്. മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
മുംബൈ മേയർ ഓഫീസിലേക്ക് ഒക്ടോബർ 23ന് ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിന് ഉപയോഗിച്ച ഇമെയിൽ വിലാസവും ഈ പട്ടികയിലുണ്ടായിരുന്നു. ഡൽഹി എൻസിആറിൽ നടത്താനിരുന്ന ദിൽജിത്ത് ദോസഞ്ജിന്റെ സംഗീതനിശയ്ക്കും ബോളിവുഡ് നടന്റെ വസതിക്കും നേരെ ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച വിലാസങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി അങ്കിത് ഈ ഇടപാടുകൾ നടത്തിവരികയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2021ൽ തുടങ്ങിയ വ്യാജ ഇമെയിൽ നിർമാണവും വിൽപ്പനയും ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴിയാണ് നടത്തിയിരുന്നത്. തന്റെ വ്യക്തിവിവരങ്ങളും ഐപി വിലാസവും തിരിച്ചറിയാതിരിക്കാൻ വൈഫൈ, പ്രോക്സി നെറ്റ്വർക്ക് സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഇടപാടുകാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. പണം നേരിട്ട് സ്വീകരിക്കുന്നതിന് പകരം ക്രിപ്റ്റോകറൻസി വഴിയായിരുന്നു ഇടപാടുകൾ. ബംഗ്ലദേശ് സ്വദേശിയായ അലാമിൻ ഇസ്ലാമിന് ഇമെയിൽ വിലാസങ്ങൾ വിറ്റതിലൂടെ 6,000 യുഎസ് ഡോളറിന് തുല്യമായ ടെതർ ലഭിച്ചതായി ചോദ്യം ചെയ്യലിൽ അങ്കിത് വെളിപ്പെടുത്തിയെന്നാണ് വിവരം.
വ്യാജ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീഷണി സന്ദേശങ്ങൾ അയച്ചവരിലേക്കും ഇതിന് പിന്നിലുള്ള ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എടിഎസ്.











