12:34pm 07 November 2026
NEWS
മുൻ കാമുകിയുടെ പ്രണയബന്ധങ്ങൾ, എത്ര പേരുമായി ബന്ധമുണ്ടായിരുന്നു, ആരെയൊക്കെ വഞ്ചിച്ചിട്ടുണ്ട്, വിവാഹിതയായോ; 97 വിവരാവകാശ അപേക്ഷകളിലായി 1,886 ചോദ്യങ്ങൾ; ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് സന്തോഷിന് വിവരാവകാശ കമ്മിഷന്റെ മുന്നറിയിപ്പ്
07/11/2026  12:21 PM IST
nila
   മുൻ കാമുകിയുടെ പ്രണയബന്ധങ്ങൾ, എത്ര പേരുമായി ബന്ധമുണ്ടായിരുന്നു, ആരെയൊക്കെ വഞ്ചിച്ചിട്ടുണ്ട്, വിവാഹിതയായോ; 97 വിവരാവകാശ അപേക്ഷകളിലായി  1,886 ചോദ്യങ്ങൾ; ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് സന്തോഷിന് വിവരാവകാശ കമ്മിഷന്റെ മുന്നറിയിപ്പ്

മുൻ കാമുകിയുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാൻ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്ത യുവാവിന് തമിഴ്നാട് വിവരാവകാശ കമ്മിഷന്റെ കർശന മുന്നറിയിപ്പ്. സമാനമായ രീതിയിൽ തുടർന്നും അപേക്ഷകൾ നൽകി നിയമം ദുരുപയോഗം ചെയ്താൽ ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയനാക്കാൻ ഉത്തരവിടുമെന്നും കമ്മിഷൻ വ്യക്തമാക്കി. വില്ലുപുരം സ്വദേശിയായ സന്തോഷിനെയാണ് വിവരാവകാശ കമ്മിഷണർ വി.പി.ആർ. ഇളമ്പരിതി രൂക്ഷമായി വിമർശിച്ചത്.

പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയായിരുന്നു സന്തോഷിന്റെ അസാധാരണമായ നീക്കം. യുവതിയുടെ മുൻകാല പ്രണയബന്ധങ്ങൾ, എത്ര പേരുമായി ബന്ധമുണ്ടായിരുന്നു, ആരെയൊക്കെ വഞ്ചിച്ചിട്ടുണ്ട്, വിവാഹിതയായോ തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം യുവതിയുമായി സംസാരിച്ചവരുടെ വിവരങ്ങളും ചിത്രങ്ങളും വരെ ഇയാൾ ആവശ്യപ്പെട്ടു. ഇത്തരത്തിൽ 97 അപേക്ഷകളിലായി 1,886 ചോദ്യങ്ങളാണ് സമർപ്പിച്ചത്. കടലൂർ ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും നൽകിയ അപേക്ഷകളിൽ മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സന്തോഷ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലായിരുന്നു അപേക്ഷകളുടെ പരമ്പര.

2021 മുതൽ 2024 വരെ കോളജിൽ പഠിക്കുന്ന കാലത്താണ് സന്തോഷും യുവതിയും പ്രണയത്തിലായത്. എന്നാൽ സന്തോഷിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് യുവതി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാനസികമായ ബുദ്ധിമുട്ടുകളെത്തുടർന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്ന കാലത്തെ സ്വകാര്യ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പോലും വിവരാവകാശ അപേക്ഷകളിലൂടെ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. പൊതുതാൽപര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആവശ്യങ്ങളാണ് അപേക്ഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

അഴിമതിയും ഭരണപരമായ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിനുള്ള നിയമം വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥരെ അനാവശ്യമായി സമ്മർദത്തിലാക്കാനും അവരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്താനും വിവരാവകാശ നിയമത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. സമാനമായ അപേക്ഷകളുമായി വീണ്ടും എത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img