07:43am 19 April 2026
NEWS
മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പവിത്രൻ ജീവിതത്തിലേക്ക്

15/01/2025  05:08 AM IST
nila
മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പവിത്രൻ ജീവിതത്തിലേക്ക്

കണ്ണൂർ: മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ അറുപത്തേഴുകാരൻ ജീവിതത്തിലേക്ക്.കണ്ണൂർ പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്. മം​ഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിൽ പവിത്രൻ മരിച്ചെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. ​മാധ്യമങ്ങൾക്ക് മരണവാർത്തയും നൽകി ഇന്നലെ രാവിലെ 10 മണിക്ക്  കൂത്തുപറമ്പിൽ സംസ്കാരം നടത്താനും നിശ്ചയിച്ചു. രാത്രിയിൽ മൃതദേ​ഹം മോർച്ചറിയിൽ സൂക്ഷിക്കാനായി തീരുമാനിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. 

മംഗളൂരുവിലെ ആശുപത്രിയിൽനിന്നു വൈകിട്ട് പുറപ്പെട്ട ആംബുലൻസ് 5 മണിക്കൂറിനു ശേഷമാണു കണ്ണൂരിലെത്തിയത്. കണ്ണൂർ എകെജി ആശുപത്രിയിലെ മോർച്ചറിയിൽ ‘മൃതദേഹം’ രാത്രിയിൽ സൂക്ഷിച്ച ശേഷം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. മോർച്ചറിയിലേക്കു മാറ്റുമ്പോൾ പവിത്രന്റെ കൈ അനങ്ങുന്നതായി ഇലക്ട്രിഷ്യൻ അനൂപിനും നൈറ്റ് സൂപ്പർവൈസർ ആർ.ജയനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ അടിയന്തരമായി വിളിച്ചുവരുത്തി. നേരം വെളുത്തപ്പോഴേക്കും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്നു തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു. 

ശ്വാസംമുട്ടലിന് കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്ന പവിത്രനെ രോഗം മൂർച്ഛിച്ചതോടെയാണ് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്. അവിടെ 2 ആശുപത്രികളിലായി വൻതുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബിൽ അടയ്ക്കാൻ പറ്റാതായി. അടുത്ത ദിവസം അടച്ചാൽ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല. 

വെന്റിലേറ്ററിൽ തുടരാനുള്ള തുക അടയ്ക്കാനാകാതെ വന്നതോടെയാണു തിരികെപ്പോരാൻ തീരുമാനിച്ചത്. വെന്റിലേറ്ററിൽനിന്നു മാറ്റിയാൽ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സാധാരണ ആംബുലൻസിലായിരുന്നു മടക്കം. വഴിയിൽ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ച് മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ മംഗളൂരുവിലെ ആശുപത്രി അധികൃതർ നിർദേശിച്ചതായും ബന്ധുക്കൾ പറഞ്ഞു. ഗൾഫിലായിരുന്ന പവിത്രൻ ഏതാനും വർഷം മുൻപാണ് നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന്  ശരീരത്തിന്റെ ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img