
30 മണിക്കൂർ നീണ്ട ലിംഗോദ്ധാരണത്തിന് യുവാവിന് നഷ്ടപരിഹാരമായി കിട്ടിയത് 44 ലക്ഷം രൂപ. സ്പെയിനിലെ വലെൻസിയയിലാണ് സംഭവം. പ്രിയാപിസം എന്ന അവസ്ഥയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രാദേശിക ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് യുവാവിന് വലെൻസിയ പ്രാദേശിക ഭരണകൂടം 49,104 യൂറോ (ഏകദേശം 44 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചത്. യുവാവിൻറെ ഭാര്യയ്ക്ക് 5000 യൂറോയും നഷ്ടപരിഹാരം ലഭിക്കും.
പ്രിയാപിസം എന്ന അവസ്ഥയെ തുടർന്ന് ചികിത്സ തേടിയ യുവാവിനെ വലെൻസിയയിലെ അൽബൈദയിലെ ഹെൽത്ത് സെൻററിൽ നിന്ന് ഒൻറിനിയൻറ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, യൂറോളജിസ്റ്റിനെ കാണാൻ കാത്തിരിക്കേണ്ടി വന്നു. ചികിത്സ വൈകുന്നതായുള്ള പരാതിയെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും രോഗം മൂർച്ഛിച്ചിരുന്നു. മൂന്നാമത്തെ ആശുപത്രിയിലെത്തിയപ്പോൾ 20 മണിക്കൂറിലധികമായി ഉദ്ധാരണം തുടരുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും, ആശുപത്രിയുടെ അനാസ്ഥ മൂലം രണ്ടാമതും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു.











