
കോളജ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദി അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽവീട്ടിൽ കുഞ്ഞുമോൻ(42) ആണ് പിടിയിലായത്. മന്ത്രവാദത്തിന്റെ മറവിലായിരുന്നു ആദ്യ പീഡനം. പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചും ഇയാൾ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചേവായൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് പറമ്പിൽകടവ് കുന്നത്തുമലയിലാണ് കുഞ്ഞുമോൻ താമസിച്ചിരുന്നത്. മന്ത്രവാദിയെന്നാണ് ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്. രാത്രി ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കാനായാണ് വിദ്യാർത്ഥിനി അമ്മയ്ക്കൊപ്പം മന്ത്രവാദിയുടെ വീട്ടിലെത്തിയത്. പ്രശ്നപരിഹാരത്തിന് പൂജകൾ നടത്തണമെന്ന് ഇയാൾ നിർദേശിച്ചു. തുടർന്ന് പൂജയ്ക്കായി വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രം പകർത്തിയെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുംചെയ്തു.
ഈ സംഭവത്തിനുശേഷം പെൺകുട്ടി കോളേജിലേക്ക് പോകുന്നതിനിടെ പ്രതി വീണ്ടും ഉപദ്രവിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്ക് കൊണ്ടുപോയ ഇയാൾ, അവിടെവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.











