
മലപ്പുറം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ യുവാവ് അറസ്റ്റിൽ. റോയൽ രാജു (30) ആണ് പിടിയിലായത്. കോയമ്പത്തൂർ–മംഗളൂരു ട്രെയിനിലാണ് യുവതി അതിക്രമത്തിനിരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയായിരുന്നു സംഭവം.
ട്രെയിനിൽ യുവതിയെ കയറിപ്പിടിച്ച പ്രതി ബലമായി ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി പ്രതിയിൽനിന്ന് കുതറിമാറി രക്ഷപ്പെടുകയും വിവരം സഹയാത്രികരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് സഹയാത്രികർ റെയിൽവേ അലർട്ട് സംവിധാനത്തിലൂടെ വിവരം കൈമാറി.
വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആർ.പി.എഫ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അക്രമാസക്തനായി. ഇതിനിടെ എ.എസ്.ഐ ശശിയെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ മൽപിടിത്തത്തിനൊടുവിലാണ് അക്രമാസക്തനായ പ്രതിയെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ എ.എസ്.ഐ ശശി കാസർകോട് സ്വദേശിയാണ്. മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥൻ കൂടിയാണ് ശശി.











