12:09pm 13 November 2026
NEWS
കൊച്ചിയിലെ ലൈംഗികതൊഴിലാളിയെ കൊലപ്പെടുത്തിയത് കൂടുതൽ പണം ആവശ്യപ്പെട്ടതിനാലെന്ന് ജോർജ്ജ്
22/11/2025  05:54 PM IST
nila
കൊച്ചിയിലെ ലൈംഗികതൊഴിലാളിയെ കൊലപ്പെടുത്തിയത് കൂടുതൽ പണം ആവശ്യപ്പെട്ടതിനാലെന്ന് ജോർജ്ജ്

കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈം​ഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടുതൽ തുക ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നു പ്രതി കെ.കെ. ജോർജ് (57) പൊലീസിനോട് പറഞ്ഞു. പാലക്കാട് സ്വദേശിനിയായ സ്ത്രീയെ ഓട്ടോറിക്ഷയിൽ രാത്രി 10 മണിയോടെയാണ് ജോർജ്ജ് വീട്ടിലേക്ക് എത്തിച്ചത്. പാഴ്സൽ ഭക്ഷണം പാഴ്സൽ വാങ്ങിയാണ് ഇരുവരും വീട്ടിൽലേക്ക് വന്നത്. 

സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ജോർജ് സ്ത്രീയെ തുക ഉറപ്പിച്ചു കൊണ്ടുവന്നത്. എന്നാൽ രാത്രി 12 മണിയോടെ വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമായി. മദ്യലഹരിയിലായിരുന്ന ജോർജ് വീട്ടിൽ ഉണ്ടായിരുന്ന ഇരുമ്പുവടി എടുത്ത് സ്ത്രീയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇതോടെ സ്ത്രീ മരിച്ചു. 

കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് മൃതദേഹം ഒളിപ്പിക്കാനുള്ള ആലോചന തുടങ്ങിയത്. രാവിലെ നാലരയോടെ അടുത്തുള്ള അപ്പകടയിൽ നിന്ന് രണ്ട് ചാക്കുകൾ വാങ്ങി. ഇവയ്ക്ക് 14 രൂപയെടുത്തു എന്നാണു കടയുടമ ടി.കെ. സന്തോഷ് പറയുന്നത്. തല ചാക്ക് കൊണ്ട് മൂടി മൃതദേഹം ഇടവഴിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെങ്കിലും അവിടെത്തന്നെ തളർന്ന് ഉറങ്ങുകയായിരുന്നു പ്രതി.

രാവിലെ ആറരയ്ക്കാണ് ഹരിതകർമസേന അംഗം കെ.ജെ. മണി മൃതദേഹവും അടുത്ത് ഇരുന്ന ജോർജും കണ്ടത്. ആദ്യം ജോർജിന്റെ ഭാര്യയാണ് കിടക്കുന്നതെന്ന് മണി കരുതി. പക്ഷേ ജോർജ് തന്നെ മണിയോട് ‘തനിക്കറിയില്ല, ആരോ ഇവിടെയിട്ട് പോയതാണ്’ എന്ന് പറഞ്ഞതോടെ സംശയം ശക്തമായി. തുടർന്ന് കൗൺസിലറെ അറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.

ജോർജ് കടുത്ത മദ്യപാനശീലമുള്ള വ്യക്തിയാണെന്നും മദ്യപിച്ചാൽ സ്വഭാവം മാറാറുണ്ടെന്നും അയൽക്കാർ പറയുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട മുൻ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 15 വർഷം മുൻപാണ് ജോർജ് ഇപ്പോഴുള്ള വീട് വാങ്ങിയത്. വീടിന്റെ ഭാഗം വാടകയ്ക്ക് കൊടുത്തിട്ടുമുണ്ട്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയിലാണ് ഇയാൾ. ലഭിക്കുന്ന പണമെല്ലാം മദ്യത്തിനായി ചെലവഴിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

സംഭവസമയത്ത് ജോർജ്ജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. മകളുടെ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനായി ജോർജും രാവിലെ പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img