
വീസ തട്ടിപ്പിൽ അറസ്റ്റിലായ കോട്ടത്തെ ബിഷപ്പിനെതിരെ വേറെയും കേസുകൾ. മണിമല പള്ളിത്താഴെ വീട്ടിൽ സന്തോഷ് പി. ചാക്കോ സ്വന്തമായി സഭയുണ്ടാക്കി ബിഷപ്പായ ആളാണ്. അടിപിടിയും തട്ടിപ്പും ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. മണിമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പാണ് സന്തോഷ് പി. ചാക്കോ.
കുറിച്ചി സ്വദേശി അബിന്റെ പരാതിയിലാണ് ചിങ്ങവനം പൊലീസ് ഇൻസ്പെക്ടർ വി.എസ്. അനിൽകുമാർ 'ബിഷപ്പി'നെ അറസ്റ്റുചെയ്തത്. നാല് ലക്ഷം രൂപ ശമ്പളത്തിൽ അമേരിക്കയിൽ ജോലിവാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി രണ്ടരലക്ഷം രൂപ തട്ടിയെന്നാണ് അബിന്റെ പരാതി. ബിഷപ്പെന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി അടുപ്പംസ്ഥാപിക്കുന്നത്. തടർന്ന് വിസയും ജോലിയും ഉൾപ്പെടെ അമേരിക്കൻ വാഗ്ദാനങ്ങൾ നൽകും. ഇതിൽ വീഴുന്ന ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയാണ് രീതി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും, ഒമ്പത് കേസുകൾ നിലവിൽ ഇയാൾക്കെതിരായുണ്ടെന്നും പൊലീസ് പറഞ്ഞു. പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശ്ശേരി, പൊൻകുന്നം, പെരുമ്പെട്ടി, ചിങ്ങവനം, മണർകാട്, മണിമല, തൃശ്ശൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഐമാരായ വിഷ്ണു, സുനിൽ, സിപിഒമാരായ സിറിയക്, വിനോദ്, മാർക്കോസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കൂടുതൽ ആളുകൾ പരാതിയുമായെത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.










