
ബോളിവുഡ് നടി മമത കുൽക്കർണി ഇനി ആത്മീയതയുടെ പാതയിൽ. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു. യാമൈ മമത നന്ദഗിരി എന്ന പേരിലാകും മമത കുൽക്കർണി ഇനി അറിയപ്പെടുക. കിന്നർ അഖാഡയുടെ ഭാഗമായാണ് മമത സന്യാസദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി മമതഅഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. സന്യാസ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു മമത. വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം നടി കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് താരം ഇന്ത്യയിലെത്തിയത്.
മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.











