03:10pm 18 April 2026
NEWS
"നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? മാറി നിന്നാൽ മതി"; വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി
08/03/2026  07:37 AM IST
nila
നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? മാറി നിന്നാൽ മതി; വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയും സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സന്ദർശനത്തിനിടെ റഫീഖ് നിരന്തരം തന്റെ കൂടെയുണ്ടായതിൽ മമ്മൂട്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. “എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കായി വന്നതാണെന്ന് ആളുകൾ കരുതും. ഒന്നു മാറി നിന്നാൽ മതി,” എന്നാണ് മമ്മൂട്ടി നേരിട്ട് പറഞ്ഞതെന്നു ദൃശ്യങ്ങളിൽ കേൾക്കാം. തന്റെ സന്ദർശനം രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് സമീപവൃത്തങ്ങൾ പറയുന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ശക്തമായി. പ്രത്യേകിച്ച് ഇടത് സൈബർ പ്രൊഫൈലുകൾ മമ്മൂട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. വയനാട് ദുരന്തസമയം മുതൽ ദുരിതബാധിതർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് റഫീഖ് എന്നതാണ് അവരുടെ വാദം. ദുരന്തവും പുനർനിർമാണവും കഴിഞ്ഞ ശേഷം മാത്രമാണ് മമ്മൂട്ടി എത്തിയത് എന്ന വിമർശനവും ഉയരുന്നുണ്ട്.

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് കാണാനാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. നിർമ്മാണ പുരോഗതി വിലയിരുത്തിയ അദ്ദേഹം ചില വീടുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും ആശയവിനിമയം നടത്തുകയും ചെയ്തു. “കേരളത്തിന്റെ വലിയൊരു സാമൂഹിക മൂലധനമാണ് ഈ പദ്ധതി. ദുരന്തമേറ്റവരെ ഒരു സമൂഹം മുഴുവൻ ചേർത്തുപിടിക്കുന്ന കാഴ്ചയാണിത്,” എന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

വയനാട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം അടുത്തിടെ പൂർത്തിയായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായ 178 കുടുംബങ്ങൾക്കാണ് ഇവിടെ പുതിയ വീടുകളുടെ താക്കോൽ കൈമാറിയത്.

വെറും പാർപ്പിട പദ്ധതിയെന്നതിലുപരി നിരവധി പൊതുസൗകര്യങ്ങളോടെയാണ് ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഹാൾ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ ഷെൽട്ടർ, ദുരന്ത സ്മാരകം, കടമുറികൾ എന്നിവ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്കരണത്തിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, മെറ്റീരിയൽ കളക്ഷൻ സംവിധാനം, 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, ശാസ്ത്രീയ ഡ്രെയിനേജ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദമായ ഊർജ്ജ ഉപയോഗത്തിനായി ഓരോ വീടിനും 2 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളും ഭൂഗർഭ വൈദ്യുതി വിതരണ സംവിധാനവും ടൗൺഷിപ്പിന്റെ പ്രത്യേകതകളിലൊന്നാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img