
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി താത്കാലികമായി അഭിനയംനിർത്തി വിശ്രമമെടുക്കുന്നു. വൻ കുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ഇന്ന് മുതൽ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനാകും.
ചികിത്സ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് നിയന്ത്രണവിധേയമായ ഘട്ടത്തിലാണ് എന്നും അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് ആധാരമില്ലെന്നും വ്യക്തമാക്കി.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി അടുത്തിടെ പങ്കെടുത്തിരുന്നത്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവർക്കൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ നിന്നാണ് അദ്ദേഹം ചെറിയൊരു ഇടവേളയെടുക്കുന്നത്.
റേഡിയേഷൻ കഴിഞ്ഞ് ചിത്രീകരണം പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ പദ്ധതി. തുടർ ചികിത്സയുടെ ആവശ്യം രോഗത്തിന്റെ പുരോഗതിക്കനുസരിച്ചു തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോകാനും ആലോചനയുണ്ട്.
ചികിത്സയ്ക്ക് അനുസൃതമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതോടെ മമ്മൂട്ടി ചെന്നൈയിലെ തന്റെ വസതിയിൽ നിന്ന് ആശുപത്രിയിൽ എത്തി തിരികെ പോകുന്ന രീതിയിലാണ് റേഡിയേഷൻ തുടരുമെന്ന് അറിയുന്നു. കുടുംബാംഗങ്ങളായ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മരുമകൾ, മകൾ സുറുമി, മരുമകൻ ഡോ. മുഹമ്മദ് റെഹാൻ സയിദ് എന്നിവർ അദ്ദേഹത്തോടൊപ്പം നിലനില്ക്കുന്നു.
രോഗം നേരത്തേ കണ്ടെത്തിയതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.











