
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സൈബറിടങ്ങളിൽ നിറയുന്നത്. മമ്മൂട്ടി രോഗബാധിതനാണെന്ന വാർത്തകളാണ് ആദ്യം പ്രചരിച്ചത്. പിന്നീട് ഈ വാർത്ത തെറ്റെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ പി ആർ ടീം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ വീട് ആരാധതകർക്ക് തുറന്നു കൊടുക്കുന്നു എന്ന് വാർത്തകൾ പുറത്തുവന്നത്. വെറുതെയങ്ങ് തുറന്നു കൊടുക്കുകയല്ല, ഒരു ദിവസം ഇവിടെ താമസിക്കുന്നതിന് ഏകദേശം 75000 രൂപ വാടക നൽകേണ്ടി വരുമെന്നാണ് പ്രചാരണം.
കൊച്ചിയിലെ പനമ്പള്ളിനഗറിലുള്ള മമ്മൂട്ടിയുടെ വീടാണത്രെ വാടകയ്ക്ക് നൽകുക. നാല് വർഷം മുൻപുവരെ സകുടുംബം മമ്മൂട്ടി കഴിഞ്ഞിരുന്നത് അത്യാഡംബര സൗകര്യങ്ങളോടുകൂടിയ ഈ വീട്ടിലാണ്. പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. നിലവിൽ ദുല്‍ഖര്‍ സല്‍മാനൊപ്പം ചെന്നൈയിലാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും താമസിക്കുന്നത്. വളരെ അപൂര്വ്വമായിട്ടും ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കുമൊക്കെ വരുമ്പോഴാണ് കേരളത്തിലെ ഈ വീട്ടില്‍ താമസിച്ചിരുന്നത്.
എന്നാല്‍ മമ്മൂട്ടി എന്ന നടന്റെ കരിയറിന്റെ ഭൂരിഭാഗം കാലവും ചിലവഴിച്ചത് കെ സി ജോസഫ് റോഡിലെ ഈ വീട്ടിലായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിക്ക് ആ വീടിനോട് വൈകാരികമായ ഒരു അടുപ്പമുണ്ടാകും. അദ്ദേഹത്തിന്റെ ആരാധകർക്കും ആ വീടിനോട് ഒരിഷ്ടമൊക്കെ സ്വാഭാവികമായും തോന്നാം. എന്നാൽ, ആ ഇഷ്ടത്തെ ചൂഷണം ചെയ്യുന്നതിന് സമമായിപ്പോകും വലിയ വാടക വാങ്ങി ആളുകളെ അവിടെ താമസിപ്പിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്.
സ്വാഭാവികമായും മമ്മൂട്ടിയുടെ ആരാധകരാകും ആ വീട് വാടകയ്ക്ക് നൽകിയാൽ അവിടേക്ക് താമസിക്കാൻ എത്തുക. അത് ആ നടന്നതും ഇരുന്നതും കിടന്നതും ആഹാരം കഴിച്ചതുമായ സ്ഥലങ്ങളോടുകൂടിയുള്ള ആരാധന കൊണ്ടാകാം. എന്നാൽ, ആ ആരാധനയേയും ഇഷ്ടത്തേയും ഇത്തരത്തിൽ ചൂഷണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം, തന്റെ വീട് വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് മമ്മൂട്ടിയോ അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനോ ഇവരുമായി അടുത്തവൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതു സംബന്ധിച്ച പരസ്യം പുറത്തുവിട്ടത്. മമ്മൂട്ടിയുടെ മാറാരോഗം പോലെ ഇതുമൊരു കെട്ടുകഥയാണോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.











